
തൃശൂർ: ദേശീയ പാതയിൽ കാർ ആക്രമിച്ച് രണ്ടരക്കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റാഗ്രാം താരം. സംഘത്തലവൻ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസ് (29) ഇൻസ്റ്റാഗ്രാം റീലുകൾ ചെയ്ത് സ്വന്തമാക്കിയത് അരലക്ഷം ഫോളോവേഴ്സിനെ.
കവർച്ച ആസൂത്രണം ചെയ്തു നടപ്പിലാക്കിയ സംഘത്തലവനാണ് റോഷൻ വർഗീസ്. കേരളം, കർണാടക, സംസ്ഥാനങ്ങളിലായി 22 കേസുകളിലെ പ്രതിയാണ് ഇയാൾ.
കുപ്രസിദ്ധ മോഷ്ടാവ് റോഷൻ വർഗീസിന്റെ ഇൻസ്റ്റാഗ്രാം പേര് റോഷൻ തിരുവല്ലയെന്നാണ്. വിവിധ ദേശീയ പാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയാണ് പ്രധാന പണി. പൊലീസ് പിടിയിലായി റിമാൻഡിലാകും. ജയിലിൽ നിന്നിറങ്ങി വീണ്ടും സ്വർണം തട്ടും. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കിൽ കാർ തടഞ്ഞ് യുവാക്കളെ ആക്രമിച്ച് രണ്ടരക്കിലോ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ തിരുവല്ലയിൽ നിന്നാണ് ഇയാളെ ഇത്തവണ പൊലീസ് പിടികൂടിയത്.
ഇൻസ്റ്റാഗ്രാമിൽ റോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇത് ഒരു മോഷ്ടാവിന്റെ അക്കൗണ്ടാണെന്ന് അറിയില്ല. സ്ഥിരമായി റീൽ ചെയ്ത് ഒട്ടേറെ ആരാധകരെ റോഷൻ ഉണ്ടാക്കിയിട്ടുണ്ട്. കൂട്ടുകാരുമായുള്ള റീലുകളും കാറിന്റെ വീഡിയോകളുമാണ് പേജിൽ കൂടുതൽ. പ്ലസ്ടുവരെ മാത്രമാണ് റോഷൻ പഠിച്ചത്.
റോഷന്റെ സംഘത്തിൽപ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗീസ് (23), തൃശൂർ എസ് എൻ പുരം പള്ളിനട ഊളക്കൽ സിദ്ദിഖ് (26), നെല്ലായി കൊളത്തൂർ തെെവളപ്പിൽ നിശാന്ത് (24) കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പിൽ നിഖിൽ നാഥ് (36) എന്നിവരെയും സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാൻഡ് ചെയ്തു. ഇനി നാലുപേർ പിടിയിലാകാനുണ്ട്.