sat

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിലുണ്ടായ വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉപകരണങ്ങളിൽ പലതും ക്ലാവ് പിടിച്ച നിലയിലെന്ന് കണ്ടെത്തി. ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയത് വാക്വം സർക്യൂട്ട് ബ്രേക്കറിലെ (വിസിബി) തകരാറ് മൂലമാണെന്നാണ് വിലയിരുത്തൽ. വിസിബി ക്ലാവ് പിടിച്ച നിലയിലാണ്. ഇതുൾപ്പെടെ ക്ലാവുപിടിച്ച ഉപകരണങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴ്‌ന്ന നിരപ്പിൽ ഇലക്‌ട്രിക് റൂം സ്ഥാപിച്ചതാണ് ഉപകരണങ്ങൾ കേടുവരാൻ കാരണമായതെന്ന് കെഎസ്‌‌ഇബി അധികൃതർ അറിയിച്ചു.

ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായി എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. അറ്റകുറ്റ പണിക്കായി സബ് സ്റ്റേഷൻ ബോർഡ് കത്ത് നൽകിയിട്ടും അനുമതി നൽകുന്നത് ആശുപത്രി അധികൃതർ വൈകിപ്പിച്ചു. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. ആറ് മാസത്തിലൊരിക്കലാണ് അറ്റകുറ്റ പണികൾ നടത്താറുള്ളത്. സബ് സ്റ്റേഷന്റെ നിയന്ത്രണം എസ്‌എടി ആശുപത്രിക്കാണ്. വൈദ്യുതി മുടക്കത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കെഎസ്‌ഇബിയും അറിയിച്ചു.

മണിക്കൂറുകൾ നീണ്ട പ്രതിസന്ധിക്ക് പിന്നാലെ ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിച്ചത് കെഎസ്‌ഇബി തന്നെയാണ്. ജനറേറ്റർ സംവിധാനം ഒരുക്കിയാണ് ആശുപത്രിയിൽ വൈദ്യുതി എത്തിച്ചത്. ഇന്നലെ രാത്രി മുതൽ വൈദ്യുതി മുടങ്ങിയത് നൂറുകണക്കിന് ആളുകളെയാണ് ദുരിതത്തിലാക്കിയത്.

ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് വൈദ്യുതി മുടങ്ങിയത്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയായിരുന്നു. ടോർച്ച് വെളിച്ചത്തിലാണ് അത്യാഹിത വിഭാഗത്തിലെ ഡോക്‌ടർമാർ പരിശോധന നടത്തിയത്.

അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തി. അവർ പ്രതിഷേധ മാർച്ചും നടത്തി.