
ആറ്റിങ്ങൽ: നിത്യോപയോഗ സാധനങ്ങളുടെ വിലകൾ കുതിച്ചുയർന്നതോടെ ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയും വർദ്ധിച്ചു. സാധാരണ ഊണിന് 80 രൂപയാണിപ്പോൾ വില. വെളിച്ചെണ്ണ, തേങ്ങ, ഉരുളക്കിഴങ്ങ്. സവാള, തക്കാളി, വെളുത്തുള്ളി, മുരിങ്ങയ്ക്ക അങ്ങനെ നീളുന്നു വില കൂടിയവയുടെ പട്ടിക.
കറികളിൽ ഒഴിവാക്കാൻ കഴിയാത്ത അവശ്യവസ്തുക്കളുടെ വില കൂടിയതാണ് ഊണിന് വില കൂടാൻ കാരണമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നേരത്തെ 50 മുതൽ 60 രൂപ വരെ ഉണ്ടായിരുന്ന ഊണിന് 70 രൂപയായി. എന്നാൽ ചില പ്രമുഖ ഹോട്ടലിൽ നേരത്തെ തന്നെ ഊണിന് 70 രൂപ ആയിരുന്നെങ്കിലും ഇപ്പോൾ അത് 80 ആക്കി. ഇതിൽ മീൻ കറിയോ, കപ്പയോ ഉൾപ്പെടുത്തിട്ടുമില്ല. കപ്പയ്ക്കും തീവിലയാണ് വിപണിയിൽ. 50 മുതൽ 60 രൂപ വരെയാണ് മാർക്കറ്റ് വില. വില കൂടിയെങ്കിലും തേങ്ങയും കപ്പയും അടക്കമുള്ള സാധനങ്ങൾക്ക് ദൗർലഭ്യവും അനുഭവപ്പെടുന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വരവ് കുറഞ്ഞതോടെയാണ് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കൂടിയത്. എന്നാൽ അവസരം മുതലെടുത്ത് നിലവാരവും ഗുണവുമില്ലാത്ത എണ്ണകൾ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് എത്തുന്നുമുണ്ട്.