
നിരവധി ആരോഗ്യഗുണങ്ങളുള്ള ചോറ് മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ്. ദിവസം ഒരു തവണയെങ്കിലും ചോറ് കഴിക്കുന്നവരാണ് നമ്മൾ. ചിലപ്പോൾ കൂടുതൽ ചോറ് ഉണ്ടെങ്കിൽ അത് ഫ്രിഡ്ജിൽ വച്ച ശേഷം അടുത്ത ദിവസം ചൂടാക്കി കഴിക്കുന്നു. എന്നാൽ ഇത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ ചോറ് കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് ഉണ്ടാക്കിയ ശേഷം ഇത് ചൂടാക്കി കഴിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. ഇത് അപകടകരമാണ്. ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ചോറ്.
പൂപ്പൽ
പെട്ടെന്ന് പൂപ്പൽ വരാൻ സാദ്ധ്യയുള്ള ഭക്ഷണമാണ് ചോറ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ചോറിൽ പൂപ്പൽ ബാധിക്കുന്നു. അതിനാൽ അത് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചോറിലായാലും മറ്റ് ഭക്ഷണസാധനങ്ങളിലായാലും വരുന്ന വഴുവഴുപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതാണ് പൂപ്പൽ.
പതിവായി ഇങ്ങനെ പൂപ്പൽ പിടിച്ച് ഭക്ഷണം കഴിക്കുന്നത് അന്തരികാവയവങ്ങൾക്കെല്ലാം ഭീഷണിയാണ്. അതിനാൽ ഈ ശീലമുള്ളവർ ഉടനെ അത് ഒഴിവാക്കണം. ഇല്ലെങ്കിൽ ഇത് അസുഖങ്ങൾക്ക് കാരണമാകുന്നു. കൂടാതെ വീട്ടിലെ ആവശ്യത്തിന് മാത്രമുള്ള ചോറ് വയ്ക്കുക. അത്യാവശ്യമെങ്കിൽ മാത്രം, ഒരു ദിവസത്തേക്ക് അടച്ചുറപ്പുള്ള പാത്രത്തിൽ വച്ച് ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു ദിവസത്തിൽ കൂടുതൽ ചോറ് സൂക്ഷിക്കരുത്.