visa

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പൗരത്വമുളളവരുടെയും റസിഡൻഡ് ക്ലാസ് വിസയുളളവരുടെയും പങ്കാളികളുടെ വിസി​റ്റിംഗ് വിസയുടെ കാലാവധി ദീർഘിപ്പിച്ച് ന്യൂസിലൻഡ് സ‌ർക്കാർ. ഒക്ടോബർ ഒന്ന് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഇങ്ങനെയുളളവരുടെ പങ്കാളികൾക്ക് ജോലി ചെയ്യുന്നതിനും അല്ലെങ്കിൽ പങ്കാളിയുമൊത്ത് ഒരുമിച്ച് ജീവിക്കുന്നതിനുമുളള വിസി​റ്റിംഗ് വിസയുടെ കാലാവധി ആദ്യം ഒരു വർഷമായിരുന്നു. അതാണ് ഇപ്പോൾ രണ്ട് മുതൽ മൂന്ന് വർഷം വരെ ദീർഘിപ്പിച്ചിരിക്കുന്നത്.

വർക്ക് വിസയും വിസി​റ്റർ വിസയും ഉളളവർ എത്രയും വേഗം തന്നെ വിസാ കാലാവധി ദീർഘിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഒക്ടോബർ ഒന്ന് മുതൽ അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. ഒക്ടോബർ ഒന്നിന് മുൻപ് അപേക്ഷകൾ സമർപ്പിച്ചവർക്കും പുതിയ നിയമം ബാധകമാണ്. പങ്കാളിയുമൊത്ത് ഒരു വ‌ർഷമോ അതിൽ കൂടുതലോ കാലം ഒരുമിച്ച് താമസിച്ചവരാണ് വിസയുടെ കാലാവധി നീട്ടേണ്ടത്. ഇതോടെ ദമ്പതികൾക്ക് ന്യൂസിലൻഡിൽ താമസിക്കുന്നതിനുളള റസിഡൻഡ് ആപ്ലിക്കേഷൻ ഫീസും ലാഭിക്കാവുന്നതാണ്.