കൊച്ചി: അമേരിക്കയിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച സ്‌മാർട്ട് ഫോണുകളുടെ കയറ്റുമതി കുതിച്ചുയരുന്നു. ആപ്പിളിന്റെ വിവിധ കരാർ നിർമ്മാണ കമ്പനികൾ ഇന്ത്യയിൽ ഐ ഫോൺ ഉത്പാദനം ആരംഭിച്ചതോടെയാണ് അമേരിക്കയിലേക്കുള്ള കയറ്റുമതി വരുമാനത്തിൽ ഡയമണ്ടുകളെ പിന്നിലാക്കി സ്‌മാർട്ട് ഫോണുകൾ ഒന്നാം സ്ഥാനത്തെത്തിയത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ 200 കോടി ഡോളറിന്റെ സ്മാർട്ട് ഫോണുകളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഇക്കാലയളവിൽ വ്യാവസായിക ഇതര ആവശ്യത്തിനുള്ള ഡയമണ്ടിന്റെ കയറ്റുമതി 144 കോടി ഡോളറാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലും 204 കോടി ഡോളറിന്റെ സ്മാർട്ട് ഫോൺ കയറ്റുമതി കൈവരിച്ചിരുന്നു.