
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവ ബഹുലമായ മാഡ്രിഡ് ഡെർബിയിൽ അത് ലറ്റിക്കോയും റയലും 1-1 ന് സമനിലയിൽ പിരിഞ്ഞു. അത്‌ലറ്റിക്കോയുടെ തട്ടകമായ സിവിറ്റോസ് മെട്രൊപൊളീറ്റാനൊയിൽ നടന്ന മത്സരത്തിൽ എഡർ മിലിറ്റാവോയുടെ ഗോളിൽ ലീഡെടുത്ത റയൽ മാഡ്രിഡിനെ ലോംഗ് വിസിലിന് തൊട്ടുമുൻപ് എയ്ഞ്ചൽ ഡി കൊറെയ നേടിയ ഗോളിലൂടെ ആതിഥേയർ സമനിലയിൽ പിടിക്കുകയായിരുന്നു. ഓഫ് സൈഡാണോയെന്ന് വാർ പരിശോധനയ്ക്ക് ശേഷമാണ് ഗോൾ അനുവദിക്കപ്പെട്ടത്.
തുടർന്ന് മാർകോസ് ലോറന്റെ അപകടകരമായ ഫൗളിന് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് അത്‌ലറ്റിക്കോ മത്സരം പൂർത്തിയാക്കിയത്. ക്രോസ് ബാറിന് കീഴിൽ റയലന്റെ കോട്ട്വായും അത്‌ലറ്റിക്കോയുടെ ജാൻ ഒബ്ലക്കും തകർപ്പൻ പ്രകടനമാണ് കാഴ‌്‌ചവച്ചത്.
ആരാധകർ കലിപ്പിൽ
റയലിന്റെ ഗോളി തിബോ കോട്ട്വായ്‌ക്ക് നേരെ അത്‌ലറ്റിക്കോ ആരാധകർ കൈയിലിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞതിനെ തുടർന്ന് മത്സരം 20 മിനിട്ടോളം നിറുത്തിവയ്‌ക്കേണ്ടി വന്നു. റയൽ ലീഡ് നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. റയൽ ഗോൾ പോസ്റ്റിന്റെ പിന്നിലിരുന്ന ആരാധകരായിരുന്നു കൈയിലിരുന്ന സാധനങ്ങൾ കോട്ട്വായ്ക്ക് നേരെ വലിച്ചെറിഞ്ഞത്. ലൈറ്ററുൾപ്പെടെയുള്ള സാധനങ്ങൾ കോട്ട്വാ റഫറിക്ക് കൈമാറി. സംഭവത്തിന് പിന്നാലെ ഇരുടീമും ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അത്‌ലറ്റിക്കോയുടെ കോച്ച് ഡിയാഗൊ സിമിയോണി, ക്യാപ്‌ടൻ കോക്കെ എന്നിവർ നേരിട്ടെത്തി ആരാധകരുമായി സംസാരിച്ചത് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. സിമിയോണിയുമായും റയൽ കോച്ച് ആൻസലോട്ടിയുമായി റഫറി സംസാരിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്.