
കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല വാർത്തകളും നിക്ഷേപകരുടെ ലാഭമെടുപ്പും ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച സൃഷ്ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി റെക്കാഡുകൾ കീഴടക്കി ഓഹരികൾ മുന്നേറിയതോടെ വിപണി മൂല്യത്തെ കുറിച്ച് നിക്ഷേപകരിൽ ആശങ്കയേറി. ചൈനയിൽ സർക്കാർ പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിനാൽ വിദേശ ധന സ്ഥാപനങ്ങൾ അവിടേക്ക് നിക്ഷേപം മാറ്റുകയാണെന്ന് അനലിസ്റ്റുകൾ പറയുന്നു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1,272 പോയിന്റ് ഇടിഞ്ഞ് 84,299.78ൽ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 368 പോയിന്റ് തകർന്ന് 25,810.85ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളും ഇന്നലെ കനത്ത ഇടിവ് നേരിട്ടു. ബാങ്കിംഗ്, വാഹന, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
ധനകമ്മി 4.35 ലക്ഷം കോടി ഡോളറിൽ
കൊച്ചി: ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിൽ ഇന്ത്യയുടെ ധനകമ്മി 4.35 ലക്ഷം കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 27 ശതമാനമാണിത്. അവലോകന കാലയളവിൽ നികുതി വരുമാനം മുൻവർഷത്തെ 8.04 ലക്ഷം കോടി രൂപയിൽ നിന്ന് 8.74 ലക്ഷം കോടി രൂപയായി ഉയർന്നു. മൊത്തം മൂലധന ചെലവ് ഇക്കാലയളവിൽ 16.72 ലക്ഷം കോടി രൂപയിൽ നിന്ന് 16.52 ലക്ഷം കോടി രൂപയായി കുറഞ്ഞു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 4.9 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
കറന്റ് അക്കൗണ്ട് കമ്മി ഉയർന്നു
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 1.1 ശതമാനമായി ഉയർന്നു. പുതിയ കണക്കുകളനുസരിച്ച് കറന്റ് അക്കൗണ്ട് കമ്മി 970 കോടി ഡോളറാണ്. സേവന മേഖലയിലെ കയറ്റുമതി വരുമാനം സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 3,970 കോടി ഡോളറായി ഉയർന്നു. അതേസമയം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപത്തിൽ ഇക്കാലയളവിൽ കുറവുണ്ടായി. വിദേശ മലയാളി നിക്ഷേപം 2,950 കോടി ഡോളറായി ഉയർന്നു.
വ്യാവസായിക ഉത്പാദനത്തിൽ 1.8 ശതമാനം ഇടിവ്
രാജ്യത്തെ പ്രധാന എട്ട് മേഖലകളിലെ വ്യാവസായിക ഉത്പാദനത്തിൽ ആഗസ്റ്റിൽ 1.8 ശതമാനം ഇടിവുണ്ടായി. മൂന്നര വർഷത്തിന് ശേഷമാണ് വ്യാവസായിക ഉത്പാദനത്തിൽ നെഗറ്റീവ് വളർച്ച നേടുന്നത്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതി വാതകം, സിമന്റ്, വൈദ്യുതി മേഖലകളിലെ ഉത്പാദനം ഇക്കാലയളവിൽ ഗണ്യമായി കുറഞ്ഞു. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ വ്യാവസായിക ഉത്പാദനത്തിൽ 4.6 ശതമാനം വർദ്ധനയുണ്ടായി.