
തൃശൂര്‍: നാട്ടില്‍ നിരവധി ആളുകള്‍ ഏര്‍പ്പെട്ടിട്ടുള്ള ബിസിനസിലൊന്നാണ് ഭൂമി കച്ചവടം അഥവാ റിയല്‍ എസ്റ്റേറ്റ് ബിസിനസ്. ചെറുതും വലുതുമായി ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. എന്നാല്‍ ഈ മേഖലയില്‍ പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ തട്ടിപ്പിന്റെ വിവരങ്ങളാണ് തൃശൂരില്‍ നിന്ന് പുറത്തുവരുന്നത്. ഭൂമി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സമീപിച്ച ശേഷം സാധാരണക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് ബിസിനസ് രീതി.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. നിരവധി ഭൂമികളും പ്ലോട്ടുകളും ചൂണ്ടിക്കാണിക്കുകയും ഒരേ ഭൂമിയുടെ പേരില്‍ ഒന്നിലധികം ആളുകളില്‍ നിന്ന് പണം മുന്‍കൂറായി കൈപ്പറ്റുന്നതുമാണ് രീതി. നിരവധിപേര്‍ ഭൂമാഫിയയുടെ തട്ടിപ്പിന് ഇരയാകുകയും ചെയ്തു.
ഒരു ഭൂമി കാണിച്ചുകൊടുത്ത് അത് വാങ്ങിത്തരാം എന്ന് പറഞ്ഞ് അഡ്വാന്‍സിനത്തില്‍ പണം വാങ്ങുകയും കരാര്‍ എഴുതുകയും പിന്നീട് ഇവര്‍ ബന്ധപ്പെടാതിരിക്കുകയുമാണ് ചെയ്യുന്നത്. പലരെയും ഭീഷണിപ്പെടുത്തുകയും കൊടുത്ത ചെക്കുകളും കരാറുകളും തിരിച്ച് വാങ്ങുകയും ചെയ്യും. കബളിപ്പിക്കപ്പെട്ട പലരും വിവരം പുറത്തു പറയുന്നില്ല. എറിയാട് താമസക്കാരനായ ഭൂമാഫിയ സംഘാംഗമാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം.
ഭൂമികച്ചവടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട കബിളിപ്പിക്കപ്പെട്ടവരുടെ യോഗം കൊടുങ്ങല്ലൂര്‍ മിനി ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ സാധാരണക്കാരില്‍ നിന്ന് തട്ടിയെടുക്കുന്ന ഭൂമാഫിയയെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പണം തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിലും കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരാതി നല്‍ക്കിയിരിക്കുകയാണ്.