കാഞ്ഞങ്ങാട്: പിടികൂടിയ മണൽ തൂക്കം നോക്കാൻ കൊണ്ടുപോകുന്നതിനിടെ പകുതി മണൽ മറ്റൊരിടത്ത് തട്ടി അളവിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അലാമിപ്പള്ളിയിലെ പ്രശാന്തിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ഈ മാസം ആദ്യവാരത്തിലാണ് സംഭവം. അനധികൃതമായി മണൽ കടത്തിയ ലോറി ഹോസ്ദുർഗ് എസ്.ഐ രാജീവൻ പിടികൂടിയിരുന്നു. മണൽ തൂക്കി റിപ്പോർട്ട് തയാറാക്കി ജിയോളജി വകുപ്പിന് കൈമാറുകയാണ് പതിവ്. പിടികൂടിയ മണൽ ലോറി തൂക്കം നോക്കാനായി പ്രശാന്തിനെയാണ് ഏൽപ്പിച്ചത്. മണൽ ലോറിയുമായി പോയി പാതി മണൽ മറ്റൊരിടത്ത് ഇറക്കിയ ശേഷം തൂക്കം നോക്കി തിരികെ വരികയായിരുന്നു. തൂക്കത്തിലെ കുറവ് ശ്രദ്ധയിൽ പെട്ട ഇൻസ്‌പെക്ടർ പി. അജിത്ത് കുമാർ വിവരം പ്രശാന്തിനോട് തിരക്കിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. ഇക്കാര്യം ഇൻസ്‌പെക്ടർ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തു.

അന്വേഷണം നടത്തി, കൃത്യവിലോപം കാട്ടിയ പ്രശാന്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് പ്രശാന്ത് മഞ്ചേശ്വരത്ത് നിന്നു കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറി വന്നത്. നേരത്തെ സ്ത്രീ സംബന്ധമായ വിഷയത്തെ തുടർന്ന് ബേക്കൽ സ്റ്റേഷനിൽ നിന്നും മഞ്ചേശ്വരത്തേക്ക് സ്ഥലം മാറ്റിയിരുന്നു.