
തൃശൂർ: കോയമ്പത്തൂരിൽ പണി കഴിപ്പിച്ച രണ്ടരക്കിലോഗ്രാം സ്വർണ്ണവുമായി വാഹനത്തിൽ മടങ്ങിയ യുവാക്കളെ തടഞ്ഞുനിറുത്തി ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. തിരുവല്ല തിരുമൂല പുരം ചുങ്കത്തിലായ ചിറപ്പാട്ടിൽ വീട്ടിൽ റോഷൻ വർഗ്ഗീസ് (29) , തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗ്ഗീസ് (23), തൃശൂർ എസ്.എൻ പുരം പള്ളിനട ഊളക്കൽ സിദ്ധിക്ക് (26), നെല്ലായി കൊളത്തൂർ തൈവളപ്പിൽ നിശാന്ത് (24), കയ്പ്പമംഗലം മൂന്നുപീടിക അടിപറമ്പിൽ നിഖിൽ നാഥ് (36) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ 25ന് ദേശീയപാതയിൽ കല്ലിടുക്കിൽ വാഹനത്തിന്റെ ഗ്‌ളാസ് തല്ലിപ്പൊളിച്ച് കത്തികാട്ടി ഭീഷണിപെടുത്തി തൃശൂർ കിഴക്കേകോട്ട അരുൺസണ്ണി, പോട്ട സ്വദേശി റോജി എന്നിവരെ മറ്റൊരു വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു. സിദ്ദിഖ്, നിശാന്ത്, നിഖിൽ നാഥ് എന്നിവരെ 27ന് പുലർച്ചെ 3.30ന് കുതിരാനിൽ നിന്ന് പിടികൂടി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ലയിൽ നിന്നാണ് ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ പിടികൂടിയത്. പ്രതികളുടെ വാഹനത്തിലെ നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു. രണ്ട് വാഹനവും പിടികൂടി.
പ്രധാന സൂത്രധാരൻ റോഷൻ വർഗീസാണ്. കർണാടകയിലും കേരളത്തിലും തമിഴ്‌നാട്ടിലും സമാന സംഭവമുണ്ടായിട്ടുണ്ട്. കൂട്ടുപ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. റോഷന് തിരുവല്ല, ചങ്ങനാശ്ശേരി, ചേർത്തല സ്റ്റേഷനുകളിലായി 22 കേസും, ഷിജോയ്ക്ക് തിരുവല്ല, കോട്ടയം, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി ഒമ്പത് കേസും സിദിഖിന് മതിലകം, കൊടുങ്ങല്ലൂർ മൂവാറ്റുപുഴ സ്റ്റേഷനിലായി എട്ട് കേസും നിശാന്തിന് കൊണ്ടോട്ടി സ്റ്റേഷനിൽ ഒരു കേസും, നിഖിൽനാഥിന് മതിലകം, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി 12 കേസുമുണ്ട്.
പുത്തൂരിൽ ഇറക്കിവിട്ട റോജി ഒല്ലൂർ സ്റ്റേഷനിൽ അറിയിച്ചതോടെ ടോൾപ്‌ളാസകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതികളുടെ കാർ നടത്തറയിൽ നിന്നും കണ്ടെത്തി. കമ്മിഷണർ ആർ.ഇളങ്കോയുടെ നിർദ്ദേശപ്രകാരം ഒല്ലൂർ അസി. കമ്മിഷണർ സുധീരന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പീച്ചി ഇൻസ്‌പെക്ടർ അജിത്ത്, മണ്ണുത്തി സബ് ഇൻസ്‌പെക്ടർ കെ.സി.ബൈജു, വിയ്യൂർ സബ് ഇൻസ്‌പെക്ടർ ന്യൂമാൻ, സാഗോക്ക് അസി. സബ് ഇൻസ്‌പെക്ടർമാരായ പി.എം.റാഫി എന്നിവരാണുണ്ടായിരുന്നത്.