
ഗുരുവായൂർ: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈചെയിന്‍ പൊട്ടിച്ച് കടന്നുകളയുന്ന രണ്ടംഗ മോഷണ സംഘം അറസ്റ്റില്‍. കുന്നംകുളം കിഴൂര്‍ പുത്തിയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (26), ചാവക്കാട് തിരുവത്ര സ്വദേശി കണ്ണിച്ചി വീട്ടില്‍ അനില്‍ (24) എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ആഗസ്ത് എട്ടിന് താമരയൂര്‍ ദേവീസ് സൂപ്പര്‍ മാര്‍ക്കറ്റിലെ ഗ്ലാസ് ഡോര്‍ പൊട്ടിച്ച് അകത്ത് സ്റ്റാന്‍ഡില്‍ വച്ചിരുന്ന വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സയ്ക്ക് ധനസഹായത്തിന് ശേഖരിച്ചിരുന്ന പതിനായിരം രൂപ മോഷ്ടിച്ചതും ഈ സംഘമാണെന്ന് കണ്ടെത്തി. ഈ മോഷണത്തില്‍ ശ്രീക്കുട്ടനും അനിലിനും ഒപ്പം പങ്കാളിയായ കോട്ടപ്പടി മനയത്ത് വീട്ടില്‍ നന്ദുവിനെയും (25) അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് സഞ്ചരിച്ചിരുന്ന രണ്ടംഗ സംഘത്തെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിറുത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് തെരച്ചിലില്‍ കോട്ടപ്പടി അങ്ങാടിയില്‍ പൊലീസ് അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുവായൂര്‍ പൂക്കടയില്‍ ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന പ്രതികള്‍ രാത്രി സമയങ്ങളിലാണ് കൃത്യം നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരിയന്നൂര്‍, ഇരിങ്ങപ്പുറം എന്നിവിടങ്ങളില്‍ നിന്നും വടക്കേക്കാട് സ്റ്റേഷന്‍ പരിധിയിലെ നമ്പീശന്‍ പടി, ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷന്‍ പരിധിയിലെ താമരയൂര്‍, കമ്പിപ്പാലം എന്നിവിടങ്ങളില്‍ നിന്നും കൈചെയിന്‍ പൊട്ടിച്ചതും കണ്ടെത്തി. താമരയൂര്‍ ഡേവീസ് സൂപ്പര്‍ മാര്‍ക്കറ്റിലെ ഗ്ലാസ് ഡോര്‍ പൊട്ടിച്ച് ചികിത്സാസഹായത്തിന് സ്വരൂപിച്ച സംഭാവന ബോക്സ് മോഷ്ടിച്ചെന്ന വിവരവും ചോദ്യം ചെയ്യലില്‍ പുറത്തായി. പണം ആഡംബര ജീവിതത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.