kerala

തിരുവനന്തപുരം: കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.45 വരെയുള്ള സമയത്തിനിടെ വലിയ ശബ്ദം കേള്‍ക്കും. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമം വലിയ ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 'കവചം'സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നതെന്നും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുള്ള മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത് 92 കവചം സൈറണുകളാണ്. ഇതില്‍ 88 എണ്ണത്തിന്റെ പ്രവര്‍ത്തനമാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച 10.30 മുതല്‍ 11 മണിവരെയായിരിക്കും സൈറന്‍ മുഴങ്ങുക.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് ഭാവിയില്‍ സൈറണുകള്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഫ്‌ളാഷ് ലൈറ്റുകളും സ്ഥാപിക്കും. മൊബൈല്‍ ടവറുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമൊക്കെ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മറ്റ് ജില്ലകളില്‍ സൈറണ്‍ പ്രവര്‍ത്തിക്കുന്ന സമയം ചുവടെ


കൊല്ലം-11.05-11.30
പത്തനംതിട്ട-11.35-12.05,
ആലപ്പുഴ-1.05 വരെ,
കോട്ടയം-12.55 വരെ,
ഇടുക്കി-1.23 വരെ,
എറണാകുളം 2.40 വരെ,
തൃശൂര്‍- 3.05 വരെ,
പാലക്കാട് വരെ-3.30 വരെ,
മലപ്പുറം- 4.10 വരെ,
കോഴിക്കോട്-4.25,
വയനാട്-5.45 വരെ
കണ്ണൂര്‍-4.55 ,
കാസര്‍കോഡ്- 5.20 വരെ