pic

സോൾ: മദ്യപിച്ച് വാഹനമോടിച്ചതിന് കെ-പോപ് ബാൻഡായ ബി.ടി.എസിലെ താരം സുഗയ്ക്ക് 9,63,500 രൂപ ( 11,500 ഡോളർ) പിഴ ചുമത്തി ദക്ഷിണ കൊറിയൻ പൊലീസ്. ജന്മനാടായ സോളിൽ മദ്യപിച്ച് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച കുറ്റത്തിനാണ് നടപടി. സംഭവത്തിൽ ആഗസ്റ്റിലാണ് മിൻ യൂൻ-ഗി എന്ന സുഗയ്ക്കെതിരെ കുറ്റംചുമത്തിയത്.

സ്കൂട്ടറിൽ നിന്ന് വീണ സുഗ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രക്തപരിശോധനയിൽ 0.227 ശതമാനം ആൽക്കഹോൾ സാന്നിദ്ധ്യം കണ്ടെത്തി. 0.08 ശതമാനം വരെയാണ് അനുവദനീയമായ പരിധി. വെള്ളിയാഴ്ചയാണ് സോളിലെ ജില്ലാ കോടതി പിഴ ചുമത്തിയത്. സുഗയുടെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നു. സംഭവത്തിൽ സുഗ ക്ഷമാപണം നടത്തിയിരുന്നു.

വീട് അടുത്തായതിനാലാണ് താൻ സ്കൂട്ടർ ഉപയോഗിച്ചതെന്നും ഇത്തരം സന്ദർഭങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കാൻ പാടില്ലെന്ന കാര്യം ഓർത്തില്ലെന്നും സുഗ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി പേർ സുഗയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. റെഗുലർ ഡ്യൂട്ടിക്ക് യോഗ്യനല്ലാത്തതിനാൽ സൈന്യത്തിൽ സോഷ്യൽ സർവീസ് ഏജന്റായി സേവനമനുഷ്ഠിക്കുകയാണ് 31കാരനായ സുഗ നിലവിൽ.