pic

വാഷിംഗ്ടൺ : തന്റെ സമ്പത്തിന്റെ വലിയ ഒരു ഭാഗം വിനിയോഗിച്ച് ബഹിരാകാശത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുകയെന്നതാണ് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ലക്ഷ്യം. ചൊവ്വയിൽ മനുഷ്യനെയെത്തിക്കുക എന്നതാണ് സ്‌പേസ് എക്‌സ്, ടെസ്‌ല സ്ഥാപകനും എക്സ് ഉടമയുമായ മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.

മൂന്നോ നാലോ വർഷത്തിനുള്ളിൽ ചൊവ്വയിൽ സ്പേസ് എക്സിന്റെ ആളില്ലാ പേടകം ഇറങ്ങുമെന്നും ഭാഗ്യമൊത്താൽ 2030കൾ അവസാനിക്കും മുമ്പ് മനുഷ്യർ ചൊവ്വയിൽ കാലുകുത്തുമെന്നുമാണ് മസ്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ചൊവ്വയിലെ നഗരവത്കരണത്തെ പറ്റി വിശാലമായ കാ‌ഴ്‌ചപ്പാടുകളും അദ്ദേഹത്തിനുണ്ട്. എന്നാൽ,​ ചൊവ്വയിലെ കോളനി വത്കരണം മനുഷ്യന് അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഗവേഷകർ.

ത്വക്ക് പച്ചനിറമാകുന്നതടക്കം മനുഷ്യർക്ക് അപകടം സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളാണ് ചൊവ്വയിലുള്ളതെന്ന് ടെക്സസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റായ ഡോ. സ്കോട്ട് സോളമൻ പറയുന്നു. ചൊവ്വയിൽ മനുഷ്യൻ താമസമാക്കിയാൽ അവിടെ ജനിക്കുന്ന കുട്ടികൾക്ക് ജനിതകപരമായ വൈകല്യങ്ങളും മാറ്റങ്ങളുമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

ദുർബലമായ പേശികൾ, കാഴ്ച തകരാറ്, പച്ചനിറത്തിലെ ത്വക്ക്, എളുപ്പത്തിൽ പൊട്ടുന്ന എല്ലുകൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ചൊവ്വയിലെ ഉയർന്ന റേഡിയേഷനും കുറഞ്ഞ ഗുരുത്വാകർഷണ ശക്തിയും മനുഷ്യരിലെ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഭൂമിയേക്കാൾ ചെറുതാണ് ചൊവ്വ. ഭൂമിയിലുള്ളതിനേക്കാൾ 30 ശതമാനം ഗുരുത്വാകർഷണം കുറവുമാണ്.

ഭൂമിയിലെ പോലെ കാന്തിക മണ്ഡലമോ ഓസോൺ പാളിയോ ചൊവ്വയിലില്ല. അതിനാൽ ബഹിരാകാശ റേഡിയേഷനും സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളും കോസ്മിക് കിരണങ്ങളും വൈദ്യുത കണങ്ങളുമൊക്കെ ചൊവ്വയിൽ നേരിട്ടെത്തുന്നു. ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ നിന്ന് അതിജീവിക്കാൻ മനുഷ്യരിൽ പരിണാമകരമായ മാറ്റങ്ങളുണ്ടാകുമെന്നും സോളമൻ വ്യക്തമാക്കുന്നു.

1940കളുടെ അവസാനം മുതൽ തന്നെ ചൊവ്വയിൽ മനുഷ്യനെയെത്തിക്കുക എന്നത് ശാസ്ത്രലോകത്തിന്റെ സ്വപ്‌നങ്ങളിലൊന്നാണ്. ആളില്ലാ പേടകങ്ങൾ ഇറങ്ങിയെങ്കിലും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമായിട്ടില്ല. സമീപ വർഷങ്ങളിലൊന്നും അത് സാദ്ധ്യമാകുമെന്ന പ്രതീക്ഷ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയ്ക്കുമില്ല.