kerala

മലപ്പുറം: നാളികേര ഉല്പാദനം കുറഞ്ഞതോടെ ജില്ലയിലെ വിപണികളിൽ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. നാളികേരത്തിനും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയിൽ വലിയ വർദ്ധനവുണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പ് 33 രൂപയായിരുന്ന ഒരുകിലോ നാളികേരത്തിന് നിലവിലെ ചില്ലറ വില 50 രൂപയാണ്. നാളികേര വില വർദ്ധിച്ചതോടെ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിലും വർദ്ധവുണ്ടായി. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 223ലെത്തി. സെപ്തംബർ ആദ്യവാരം 180 രൂപയായിരുന്നു. കൊപ്രയുടെ വില ക്വിന്റലിന് 14,700 ആയി. ശനിയാഴ്ച ഇത് 14,600 ആയിരുന്നു. രാജപൂർ, ഉണ്ട വിഭാഗത്തിൽപ്പെടുന്ന കൊപ്രയുടെ വില ക്വിന്റലിന് യഥാക്രമം 20,000, 17,000 എന്നിങ്ങനെയാണ്.


കാരണങ്ങളേറെ

മലപ്പുറം, പാലക്കാട് ജില്ലകളിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്നാട്, മൈസൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് ജില്ലയിലേക്ക് പ്രധാനമായും നാളികേരം ഇറക്കുമതി ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന്റെ പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിച്ചതോടെ കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാലും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കൂടാതെ ഇത്തവണ മഴ കുറഞ്ഞതും തെങ്ങ് കൃഷിയെ പ്രതിസന്ധിയിലാക്കി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലിക്ക് നാളികേരത്തിനും കൊപ്രയ്ക്കും ഡിമാന്റ് വർദ്ധിക്കുന്നതിനാൽ അയൽ സംസ്ഥാനങ്ങൾ നിലവിൽ ഇവയുടെ ഇറക്കുമതി കുറച്ച് സംഭരിച്ച് വെയ്ക്കുന്നതും വില വർദ്ധനവിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു. വിപണിയിൽ ഇടയ്ക്കിടെ കാണാറുള്ള നാളികേര ചന്തകളും ലഭ്യതക്കുറവ് കാരണം അപ്രത്യക്ഷമായിട്ടുണ്ട്.

ഇന്നലത്തെ ചില്ലറ വിപണി വില (100 കിലോ)
കൊപ്ര - 14,700
രാജപ്പൂർ- 20,000
ഉണ്ട-17,000