
നിലമ്പൂർ : സി.ബി.എസ്.ഇ മദ്ധ്യമേഖല ക്ലസ്റ്റർ 10 കായികമേള നിലമ്പൂർ പീവീസ് മോഡൽ സ്‌കൂളിൽ നടക്കും. സെപ്തംബർ 19, 20, 21 തീയതികളിലായി നിലമ്പൂർ മാനവേദൻ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിലും പീവീസ് മോഡൽ സ്‌കൂൾ മൈതാനത്തുമാണ് മത്സരങ്ങൾ നടക്കുക. മന്ത്രി വി. അബ്ദുറഹ്മാൻ മേള ഉദ്ഘാടനം ചെയ്യും.
ഏഴ് ജില്ലകളിലെ 122ൽ പരം സി.ബി.എസ്.ഇ സ്‌കൂളുകളിലെ മൂവായിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുക. അണ്ടർ 14,17,19 വിഭാഗങ്ങളിലായി 78 ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളുണ്ടായിരിക്കും. വിജയികൾക്ക് ദേശീയമീറ്റിലും പങ്കെടുക്കാം. പ്രിൻസിപ്പൽ ഡോ: എ.എം. ആന്റണി,
സ്‌കൂൾ കോഓർഡിനേറ്റർ ഊർമ്മിള പത്മനാഭൻ, പ്രോഗ്രാം പി.ആർ.ഒ പി.കെ. ബിനു, സ്‌കൂൾ കായികവിഭാഗം മേധാവി ഗ്ലാഡിസ് ദേവസി, അദ്ധ്യാപകൻ ഒമർ സാലിഹ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.