
മലപ്പുറം: സോളാർ കേസ് അട്ടിമറിച്ചെന്നും, തിരുവനന്തപുരം കവടിയാറിൽ കൊട്ടാരം നിർമ്മിക്കുകയാണെന്നുമുള്ള പി.വി. അൻവർ എം.എൽ.എയുടെ ആരോപണം എ.ഡി.ജി.പി അജിത്‌കുമാറിന് പുതിയ കുരുക്കാകുന്നു. അജിത് കുമാറിന് സോളാർ പരാതിക്കാരിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സി.ബി.ഐക്ക് തെറ്റായി മൊഴി കൊടുപ്പിച്ചത്. ഇക്കാര്യം വെളിപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശവും അൻവർ പുറത്തുവിട്ടു.
സി.പി.എമ്മിനെയും മുന്നണിയേയും സമൂഹത്തേയും വഞ്ചിച്ചാണ് അജിത്‌കുമാർ കേസ് അട്ടിമറിച്ചത്. കവടിയാറിൽ എം.എ. യൂസഫലിയുടെ വീടിന്റെ ഹെലിപാഡിന് സമീപത്ത് അജിത്കുമാർ പത്ത് സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങി. 65 മുതൽ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില. ഇവിടെ നിർമ്മിക്കുന്ന വീട് 2,000 സ്‌ക്വയർ ഫീറ്റോ 15,000 സ്‌ക്വയർ ഫീറ്റോ എന്ന് ഉറപ്പാക്കാൻ പറ്റിയിട്ടില്ല.
അഴിമതിയുമില്ല, കള്ളക്കച്ചവടവുമില്ല. ഹവായി ചെരുപ്പേ ധരിക്കൂ. വിലകുറഞ്ഞ കുപ്പായവും കീറിപ്പറിഞ്ഞ പാന്റ്സുമിടുന്ന പാവം എ.ഡി.ജി.പിക്ക് എങ്ങനെയാണ് 16 കോടിയുടെ ഭൂമി വാങ്ങാൻ കഴിയുന്നത്. കരിപ്പൂരിലെ സ്വർണക്കടത്തിലെ എം.ആർ. അജിത് കുമാറിന്റെ പങ്ക് അന്വേഷിക്കണം. കോഴിക്കോട്ടെ വ്യാപാരി മാമി, എടവണ്ണയിലെ റിദാൻ ബാസിൽ എന്നിവരെ കൂടാതെയുള്ള ദൂരൂഹ മരണങ്ങളും കാണാതായ സംഭവങ്ങളും വേറെയുമുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സംഘമുണ്ടാക്കി കേസുകൾ അന്വേഷിക്കണം. വിരമിച്ച ജഡ്ജിയെ നിരീക്ഷണത്തിന് ഏർപ്പെടുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നോ നാളെയോ മുഖ്യമന്ത്രിയെ കാണും. ഒന്നാം ഘട്ട വെളിപ്പെടുത്തൽ തത്കാലം നിറുത്തുകയാണെന്നും അൻവർ പറഞ്ഞു.
വിവരങ്ങൾ മുഴുവൻ വെളിപ്പെടുത്തില്ല
തനിക്ക് ലഭിച്ച വിവരങ്ങളിൽ ചിലതൊന്നും വെളിപ്പെടുത്താനാവില്ല. അന്വേഷണ സംഘത്തിന് വിവരം നൽകും. വിവാദ വെളിപ്പെടുത്തലിൽ സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് മൂന്നരക്കോടി ജനം ഒപ്പമുണ്ടെന്നായിരുന്നു അൻവറിന്റെ മറുപടി. പാർട്ടി നേതാക്കളുമായി നിരന്തരം സംസാരിക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയുമായി സംസാരിച്ചിട്ടില്ല. കരിപ്പൂർ വഴിയുള്ള സ്വർണം എസ്.പി സുജിത് ദാസ് തട്ടിയെടുത്തത് കണ്ടെത്തേണ്ടത് അന്വേഷണസംഘത്തിന്റെ ഉത്തരവാദിത്വമാണ്. സുജിത്തിന്റെ ഡാൻസാഫ് ടീം പിടിച്ച സ്വർണക്കടത്ത് കാരിയർമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യട്ടെ. നൂറ് പേരെ ചോദ്യം ചെയ്താൽ പത്ത് പേരെങ്കിലും സത്യം പറയുമെന്നും അൻവർ പറഞ്ഞു.