vvvv

തിരൂർ: ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ. കഴിഞ്ഞ ശനിയാഴ്ച തിരൂരിൽ വച്ച് ട്രെയിൻ തട്ടി മരിച്ച പത്തനംതിട്ട സ്വദേശി നാസറിന്റെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. ഇന്നലെ പുത്തനത്താണിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി മോർച്ചറി തുറന്നപ്പോൾ വലിയ രീതിയിൽ ദുർഗന്ധം വരികയും ഫ്രീസർ പരിശോധിക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച തിരൂരിൽ വച്ച് ട്രെയിൻ തട്ടി മരിച്ച നാസറിനെ തിരിച്ചറിയാത്തതിനാൽ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ചില മാദ്ധ്യമങ്ങളിൽ കണ്ട അജ്ഞാത ജഡം കണ്ടെത്തിയെന്ന വാർത്ത ബന്ധുക്കൾ കണ്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ബന്ധുക്കൾ പൊലീസുമായി ബന്ധപ്പെടുകയും തിരൂർ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പും തിരൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു. ഫ്രീസർ തകരാറിലായത് കൊണ്ടാണ് എന്ന് പറഞ്ഞ് അന്ന് വലിയ കോലാഹലങ്ങളില്ലാതെ ഫ്രീസർ നന്നാക്കി ഹോസ്പിറ്റൽ അധികൃതർ തടി തപ്പിയെങ്കിലും വീണ്ടും ഇതേ അവസ്ഥ തുടർന്നതിൽ നാട്ടുകാർക്കും യുവജന സംഘടനകൾക്കും പ്രതിഷേധമുണ്ട്. മറ്റൊരു മൃതദേഹം ഇന്ന് മോർച്ചറിയിൽ എത്തിയില്ലായിരുന്നെങ്കിൽ കൂടുതൽ ദിവസം മൃതദേഹം ചീഞ്ഞളിഞ്ഞ് കിടന്നേനെ.

കഴിഞ്ഞ ഏതാനും മാസം മുൻപ് ഫ്രീസർ സംവിധാനം തകരാറിലായിരുന്നു. ജൂലായ് ആറിന് ഫ്രീസർ ശരിയാക്കണമെന്ന അപേക്ഷ ലഭിച്ചു. ജൂലായ് ഒമ്പതിന് തന്നെ ഫ്രീസർ നന്നാക്കാനുള്ള അനുമതി രേഖാമൂലം നൽകി

ജില്ലാ പഞ്ചായത്ത് അധികൃതർ

കഴിഞ്ഞ ജൂലായിൽ ഫ്രീസർ നന്നാക്കിയിരുന്നു. അതിന് ശേഷം നിരവധി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതാണ് . ഇന്നലത്തെ സംഭവത്തിൽ മോർച്ചറിയുടെ ചുമതല വഹിക്കുന്ന ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച യുണ്ടായെങ്കിൽ നടപടിയെടുക്കും. വീഴ്ച ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. തി

ജില്ലാ ആശുപത്രി ഡി.എം.ഒ

തിരൂർ ജില്ലാ ആശുപത്രി ജീവനക്കാർ മൃതദേഹത്തിനോട് അനാദരവ് കാണിച്ചു. ഒരു ഡോക്ടറോട് പറഞ്ഞപ്പോൾ ഇതെല്ലാം സാധാരണയായി നടക്കുന്നതാണെന്ന മറുപടിയാണ് ലഭിച്ചത്. മോർച്ചറിയിലെ ഫ്രീസർ ഓൺ ആയിരുന്നെങ്കിലും തണുപ്പ് കയറിയിരുന്നില്ല. ഫ്രീസറിന്റെ ചുറ്റും ദ്വാരങ്ങളാണ്. അതിലൂടെ തണുപ്പ് പുറത്തേക്ക് പോയതാകാം മൃതദേഹം അഴുകാൻ കാരണം.

നാസറിന്റെ ബന്ധുക്കൾ