മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയെന്ന കേസിൽ തൃശൂർ ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് നാലോടെ എസ്.പി ഓഫീസിലെത്തിയ ഡി.ഐ.ജി ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനോടും ​ ജില്ലയിലെ ഡിവൈ.എസ്.പിമാരോടും മരം മുറി കേസിനെ കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യാമ്പ് ഓഫീസിലെ പൊലീസുകാരോടും വിവരങ്ങൾ തേടിയതായാണ് വിവരം. പി.വി. അൻവർ എം.എൽ.എയുടെ പാർക്കിലെ റോപ്പ് മോഷണം പോയ കേസിനെക്കുറിച്ചും പൊലീസുകാർക്കെതിരെ എം.എൽ.എ ഉന്നയിച്ച മറ്റ് ആരോപണങ്ങളെക്കുറിച്ചും ഡി.ഐ.ജി വിവരങ്ങൾ ആരാഞ്ഞു. ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി കേസ് അന്വേഷിക്കാൻ തൃശൂർ ഡി.ഐ.ജി തോംസൺ ജോസിനെ ചുമതലപ്പെടുത്തിയത്. അടുത്തിടെയാണ് തോംസൺ ജോസ് തൃശൂർ ഡി.ഐ.ജിയായി ചുമതലയേറ്റത് എന്നതിനാൽ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തലും സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നു. മലപ്പുറം ക്യാമ്പ് ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തി ക്രമസമാധാന ചുമതലയുള്ള എ.‌ഡി.ജി.പി അജിത്കുമാറും മുൻ മലപ്പുറം എസ്.പി സുജിത് ദാസും വീട്ടിലേക്ക് ഫർണിച്ചറുകൾ ഉണ്ടാക്കിയെന്ന് പി.വി.അൻവർ എം.എൽ.എ ആരോപിച്ചിരുന്നു.