vvvvv

മലപ്പുറം: ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കുന്നതിനായി ജില്ലയിൽ കാത്തിരിക്കുന്നത് 18,000ത്തോളം പേർ. സ്വാവലംബൻ പോർട്ടലിൽ 65,000ത്തോളം പേർ അപേക്ഷ സമർപ്പിച്ചപ്പോൾ പുതുതായി മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരുടെ അപേക്ഷകളാണ് പ്രധാനമായും തീർപ്പാക്കാതെ കിടക്കുന്നത്. അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യു.ഡി.ഐ.ഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകേണ്ടത്. ജില്ലാ, താലൂക്ക്, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡുകൾ ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. അസ്ഥിരോഗം, ഇ.എൻ.ടി, നേത്ര രോഗങ്ങൾ, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മെഡിക്കൽ ബോർഡിൽ ഉണ്ടാവുക. മെഡിക്കൽ ബോർഡ് യോഗം കൃത്യമായി ചേരാത്തതും അപേക്ഷകർക്ക് തിരിച്ചടിയാണ്. 2021 ജൂൺ മുതൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാനുള്ള ആധികാരിക രേഖയായി ഏകീകൃത തിരിച്ചറിയൽ കാർഡ് നിശ്ചയിച്ചിട്ടുണ്ട്. കാർഡ് ഇല്ലാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സിറ്റിംഗ് വർദ്ധിപ്പിക്കണം

18,000- തീർപ്പാക്കാനുള്ള അപേക്ഷകൾ.

65,000 - സ്വാവലംബൻ പോർട്ടലിൽ അപേക്ഷ സമർപ്പിച്ചവർ