
വണ്ടൂർ : വണ്ടൂർ വാണിയമ്പലം റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന തുടങ്ങി. പരിശോധന ഒരു മാസത്തോളം നീളും. നാലിടങ്ങളിലെ മണ്ണാണ് പരിശോധിക്കുക. രാഹുൽ ഗാന്ധി എം.പിയുടെ ആവശ്യപ്രകാരം വണ്ടൂർ കാളികാവ് റോഡിലെ വാണിയമ്പലം അങ്ങാടിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് കേന്ദ്ര റെയിൽവെ മന്ത്രാലയം 20.9 കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തിയുടെ മണ്ണ് പരിശോധനയ്ക്കാണ് തുടക്കമായത്. എ.പി. അനിൽകുമാർ സ്ഥലത്ത് എത്തിയിരുന്നു. പ്രവൃത്തിയുടെ ഡി.പി.ആർ. തയ്യാറാക്കാൻ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏജൻസി തയ്യാറാക്കിയ അലൈൻമെന്റ് എം.എൽ.എ. വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ അംഗീകരിക്കപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസം ഇതിന്റെ ഭാഗമായി വാണിയമ്പലം റോഡിലെ ഗതാഗതത്തിരക്ക് പരിശോധനയുമായി ബന്ധപ്പെട്ട് ട്രാഫിക് സ്റ്റഡി നടന്നിരുന്നു. റെയിൽവേ ഭൂമി, രണ്ട് സ്വകാര്യഭൂമികൾ, ടൗൺ സ്‌ക്വയർ എന്നിവിടങ്ങളിലാണ് മണ്ണ് പരിശോധന നടക്കുക.
മണ്ണ് പരിശോധന കഴിഞ്ഞാലുടൻ ഡി.പി.ആർ. സർക്കാരിന് സമർപ്പിക്കും. ശേഷം സ്ഥലം എറ്റെടുക്കാൻ നടപടിയെടുക്കണം. സംസ്ഥാന സർക്കാരാണ് സ്ഥലം ഏറ്റെടുത്ത് നൽകേണ്ടത്. പ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്ന് മണ്ണ് പരിശോധനാ സ്ഥലം സന്ദർശിച്ച എ.പി.അനിൽകുമാർ എം.എൽ.എ. അറിയിച്ചു.