
മലപ്പുറം: കേന്ദ്ര നൈപുണിക മന്ത്രാലയത്തിന് കീഴിൽ പി.എം. വിശ്വകർമ്മ പദ്ധതിയിൽ മരപ്പണി, സ്വർണപ്പണി, മൺപാത്ര നിർമ്മാണം എന്നീ മേഖലകളിൽ പരിശീലനം പൂർത്തിയാക്കിയ 300ഓളം ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ്, വായ്പാ വിതരണം ഇന്ന് രാവിലെ 10ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അദ്ധ്യക്ഷത വഹിക്കും. അഞ്ച് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തവർക്ക് 4,000 രൂപ സ്റ്റൈപെൻഡ്, 15,000 രൂപയുടെ ഉപകരണങ്ങൾ, സ്വന്തം ജാമ്യത്തിൽ മൂന്ന് ലക്ഷം രൂപയുടെ വായ്പ എന്നിവയാണ് നൽകുന്നത്. ജൻ ശിക്ഷൺ സൻസ്ഥാനാണ് ജില്ലയിൽ പരിശീലനത്തിന്റെ ചുമതല. ഇതിനകം 11 ബാച്ചുകളിലായി 320 പേർക്ക് പരിശീലനം നൽകി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന 18 വിഭാഗങ്ങളിലെ പരമ്പരാഗത വിശ്വകർമ്മക്കാർക്ക് സി.എസ്.സികൾ വഴി ഇനിയും രജിസ്റ്റർ ചെയ്യാം.