മലപ്പുറം: മഞ്ചേരി കോടതി കുറ്റക്കാരനാണെന്ന് വിധിച്ച തടവുകാരന് കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനാവശ്യമായ സഹായം നൽകണമെന്ന ആവശ്യത്തിൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. തവനൂർ സെൻട്രൽ ജയിൽ അധികൃതർക്കാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്. തമിഴ്‌നാട്ടിൽ നിന്നും ലോറിയിൽ വരികയായിരുന്ന തന്നെയും കൂട്ടുകാരേയും ചമ്രവട്ടത്ത് വച്ച് കഞ്ചാവുകേസിൽ പിടികൂടിയെന്നാരോപിച്ച് തവനൂർ സെൻട്രൽ ജയിലിലെ തടവുകാരനായ മനോഹരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

കമ്മിഷൻ തിരൂർ ഡിവൈ.എസ്.പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2021 സെപ്തംബർ മൂന്നിനാണ് പ്രതികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതെന്ന് ഡിവൈ.എസ്.പി അറിയിച്ചു. 2024 ജൂൺ 10ന് വിചാരണ പൂർത്തിയാക്കി പരാതിക്കാരനെ മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷത്തെ ശിക്ഷയ്ക്ക് വിധിച്ചു. വിചാരണാ സമയത്ത് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം ലഭിച്ചില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. മുൻകാല കേസുകളിൽ താൻ പ്രതിയാണെന്ന പൊലീസിന്റെ ആരോപണം കാരണമാണ് തനിക്ക് ശിക്ഷ കിട്ടിയതെന്ന് പരാതിക്കാരൻ അറിയിച്ചു. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ തനിക്ക് അവസരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.