manikandan

പൊന്നാനി: പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഏറാട്ടുവീട്ടിൽ മണികണ്ഠൻ(50), മാതാവ് സരസ്വതി (70), ഭാര്യ റീന (40) എന്നിവരാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മക്കളായ അനിരുദ്ധൻ(22), നന്ദന (20) എന്നിവർ ചികിത്സയിലാണ്. സ്വന്തം മുറിയിലെ കട്ടിലിന് തീയിട്ട ശേഷം മണികണ്ഠൻ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് നിഗമനം. മുറിയിൽ നിന്നും മണ്ണെണ്ണക്കുപ്പിയും പെട്രോൾ കുപ്പിയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 20നായിരുന്നു നന്ദനയുടെ വിവാഹനിശ്ചയം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും മകളുടെ വിവാഹത്തിന് പണത്തിനായി ബുദ്ധിമുട്ടിയിരുന്നെന്നും നാട്ടുകാർ പറയുന്നു.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വീടിന്റെ ഒരു മുറിയിൽ തീപിടിച്ചത്. മണികണ്ഠനും റീനയും സരസ്വതിയും സംഭവസമയം ആ മുറിയിലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ മുറിയിലായിരുന്ന അനിരുദ്ധന്,​ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. പുക ശ്വസിച്ചത് മൂലം നന്ദനയ്ക്കും അസ്വസ്ഥതയുണ്ടായി. ഗൃഹപ്രവേശന ചടങ്ങുള്ളതിനാൽ നേരത്തെ ഉണർന്ന അയൽവീട്ടുകാരാണ് തീപടരുന്നത് കണ്ടത്. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് എല്ലാവരെയും പുറത്തെടുത്തു.

സരസ്വതിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും റീന, അനിരുദ്ധൻ എന്നിവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മണികണ്ഠൻ, നന്ദന എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂന്നു പേരേയും വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.മൂന്ന് പേർക്കും 90 ശതമാനം പൊള്ളലേറ്റിരുന്നു. നന്ദനയുടെയും അനിരുദ്ധന്റെയും പരിക്ക് സാരമുള്ളതല്ല. പപ്പട നിർമ്മാണ തൊഴിലാളിയാണ് മണികണ്ഠൻ. കാഞ്ഞിരമുക്ക് പി.എൻ.യു.പി സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് റീന.