മലപ്പുറം: മലപ്പുറം നഗരസഭയിൽ എത്തിയവരെല്ലാം ഇന്നലെ അല്പം മധുരം കഴിച്ചാണ് മടങ്ങിയത്. നഗരസഭയെ സമ്പൂർണ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് ആരംഭിച്ച 'സമ്പൂർണ ജനപക്ഷം' പദ്ധതി ആരംഭിച്ച് രണ്ടാംദിനത്തിൽ നഗരസഭയിൽ കണ്ടത് മധുരമൂറും കാഴ്ചകൾ. നഗരസഭാ ഓഫീസിൽ എത്തുന്ന മുഴുവൻ ആളുകൾക്കും പായസം നൽകുന്ന പുതിയ പദ്ധതിയാണ് 'മധുവൂറും മലപ്പുറം'. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പായസം ലഭിക്കുക. പായസം വിളമ്പാൻ പ്രത്യേക റിഫ്രഷ്‌മെന്റ് കോർണറും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരാണ് പായസം തയ്യാറാക്കുന്നത്. 75 മുതൽ 150 പേർ വരെയാണ് ഒരുദിവസം ശരാശരി ഇവിടെ എത്തുന്നത്. മാത്രല്ല, മാതാപിതാക്കൾക്കൊപ്പം എത്തുന്ന കൈക്കുഞ്ഞുങ്ങൾക്ക് ചോക്ലേറ്റും നൽകും. നഗരസഭയിലെത്തുന്ന എല്ലാവരെയും സ്വീകരിക്കാനായി വെൽക്കം കോർണറും ഒരുക്കിയിട്ടുണ്ട്.

പരാതിയ്ക്കായി കയറേണ്ട


നഗരസഭാ ഓഫീസിൽ എത്തുന്നവർക്കെല്ലാം സൗജന്യമായി ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകും. പ്രായാധിക്യവും അവശതയും കാരണം മുകളിലേക്ക് എത്താൻ പ്രയാസമുള്ളവർക്ക് വിവരമറിയിച്ചാൽ താഴെ പ്രത്യേകം തയ്യാറാക്കിയ വെൽക്കം കോർണറിൽ നഗരസഭാ ചെയർമാനടക്കം നേരിട്ട് വന്ന് പരാതി സ്വീകരിക്കും. നഗരസഭാ പ്രദേശത്ത് കിടപ്പിലായ രോഗികൾക്കും തളർന്ന് കിടക്കുന്നവർക്കും വീടുകളിൽ വന്ന് പരാതി സ്വീകരിക്കും.


നറുക്കെടുക്കാം

വരുന്നവർക്കെല്ലാം കൂപ്പൺ നൽകി നറുക്കിട്ടെടുത്ത് മാസത്തിൽ ഒരാൾക്കും വർഷത്തിൽ മൂന്ന് പേർക്കുമുള്ള വാർഷിക ബംപർ പദ്ധതിയും യാഥാർത്ഥ്യമായിരിക്കുകയാണ്.


സർക്കാർ ഓഫീസുകളിൽ പരാതിക്കാരന്റെ പരിഭവം മാത്രം നിലനിൽക്കുന്ന നാളുകൾ മാറ്റിയെടുക്കേണ്ടതുണ്ട്. നിലവിലുള്ള സംവിധാനത്തിൽ നിന്ന് സാദ്ധ്യമായ എല്ലാ പരിഹാരവും നൽകിയതിന് ശേഷം പരാതിക്കാർക്ക് പായസം കൂടി നൽകി കൂടുതൽ മധുരമുള്ള ഓർമ്മകളുള്ള ഇടമായി നഗരസഭാ ഓഫീസുകളെ മാറ്റുകയാണ് ലക്ഷ്യം.
മുജീബ് കാടേരി, നഗരസഭാ ചെയർമാൻ