
മലപ്പുറം: കഴിഞ്ഞ ദിവസം ആരോപണ വിധേയനായി സസ്പെൻഷനിലായ എസ്. പി.സുജിത് ദാസും പൊന്നാനി മുൻ സി.ഐ വിനോദും പീഡിപ്പിച്ചെന്ന ആരോപണവുമായി വീട്ടമ്മ. സുജിത് ദാസ് മലപ്പുറം എസ്.പി ആയിരിക്കേയാണ് സംഭവമെന്ന് പൊന്നാനി സ്വദേശിനി പറയുന്നു. തിരൂർ മുൻ ഡിവൈ.എസ്.പി വി.വി.ബെന്നി ഉപദ്രവിച്ചെന്നും പറയുന്നു.
2022ലായിരുന്നു സംഭവം. വസ്തുസംബന്ധമായ പരാതി നൽകാനാണ് സി.ഐ വിനോദിനെ കണ്ടത്. പരാതി സ്വീകരിക്കുകയോ രസീത് നൽകുകയോ ചെയ്തില്ല. പകരം വീട്ടിലെത്തി പരിഹരിക്കാമെന്ന് പറഞ്ഞു. രാത്രി ഒൻപതരയോടെ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് മുറിയിലേക്കു കയറാൻ ആവശ്യപ്പെട്ടു. ശേഷം ബലാത്സംഗം ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്.
ഡിവൈ.എസ്.പി വി.വി.ബെന്നിക്ക് പരാതി നൽകിയെങ്കിലും ലൈംഗികച്ചുവയിൽ സംസാരിച്ചു. പരാതിയിൽ തീരുമാനമായെന്ന് പറഞ്ഞ് കുറച്ച് ദിവസത്തിനുശേഷം വീട്ടിലെത്തി. ജ്യൂസ് കുടിക്കുന്നതിനിടെ പിടിച്ച് വലിച്ചു. വഴങ്ങാത്തതിനാൽ ഉമ്മ വച്ചശേഷം മടങ്ങി.
പിന്നീടാണ് പരാതിയുമായി മലപ്പുറം എസ്.പി സുജിത് ദാസിനെ സമീപിച്ചത്. പിന്നീട് തനിച്ച് വരാൻ ആവശ്യപ്പെട്ടു. ചെന്നപ്പോൾ, കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ എസ്.പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെവച്ച് പീഡിപ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള കോട്ടയത്തെ സുഹൃത്ത് വന്നിട്ടുണ്ടെന്നും അവർ സഹായിക്കുമെന്നും പറഞ്ഞു. അവിടെ ചെന്നപ്പോൾ ജ്യൂസ് നൽകിയശേഷം എസ്.പി ബലാത്സംഗം ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഓടിരക്ഷപ്പെട്ടു. പുറത്ത് പറഞ്ഞാൽ കുട്ടികൾക്ക് ഉമ്മയില്ലാതാക്കുമെന്ന് എസ്.പി ഭീഷണിപ്പെടുത്തി.
ഡിവൈ.എസ്.പിയും സി.ഐയും നിഷേധിച്ചു
ആരോപണം ഡിവൈ.എസ്.പി ബെന്നിയും സി.ഐ വിനോദ് വലിയാട്ടൂരും നിഷേധിച്ചു. മുട്ടിൽ മരം മുറിക്കേസ് അന്വേഷിക്കുന്നതിലെ വിരോധം കൊണ്ടുള്ള ഗൂഢാലോചനയാണെന്ന് ബെന്നി പ്രതികരിച്ചു.
2021ൽ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി ആയിരുന്നപ്പോഴാണ് മരംമുറി കേസ് അന്വേഷിക്കുന്നത്. ഇപ്പോഴും അന്വേഷിക്കുന്നുണ്ട്.
ഗൂഢാലോചന അന്വേഷിക്കാൻ ഡി.ജി.പിക്ക് പരാതി നൽകും. മാനനഷ്ടക്കേസും നൽകും.
തിരൂർ ഡിവൈ.എസ്.പിയായിരുന്നപ്പോൾ പൊന്നാനി എസ്.എച്ച്.ഒക്കെതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാൻ എസ്.പി സുജിത് ദാസ് നിർദ്ദേശിച്ചിരുന്നു. വ്യാജമാണെന്ന് തെളിയുകയും എസ്.പിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
വ്യാജ പരാതിക്ക് പിന്നിൽ താനൂർ കസ്റ്റഡി മരണക്കേസിൽ സസ്പെൻഷനിലായ എസ്.ഐ ആവാൻ സാദ്ധ്യതയുണ്ടെന്ന് സി.ഐ വിനോദ് വലിയാട്ടൂർ പ്രതികരിച്ചു. എസ്.ഐയുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ആളാണ് പരാതിക്കാരി.
ഹണി ട്രാപ് സംഘത്തിലെ ആളാണ് സ്ത്രീ.
ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ പരാതിയുമായി ഈ സ്ത്രീ വന്നിട്ടുണ്ട്. വ്യാജ പരാതി ഉന്നയിച്ച് കോടതിക്ക് പുറത്ത് പണം വാങ്ങി കോംപ്രമൈസ് ചെയ്യുന്ന വ്യക്തിയാണെന്ന് ചില പൊലീസുകാർ പറഞ്ഞു. ഈ കേസിലും ഇത്തരം നീക്കമാണെന്നും എസ്.ഐയ്ക്ക് പങ്ക് ലഭിക്കുമെന്നും രഹസ്യവിവരം ലഭിച്ചു.
തനിക്കെതിരെ നൽകിയ പരാതി അന്നത്തെ ഡിവൈ.എസ്.പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും അന്വേഷിച്ച് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.