population

ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തായിരുന്ന ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയിരിക്കുകയാണ്. യു.എൻ പോപ്പുലേഷൻ ഫണ്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024ൽ ഇന്ത്യയിലെ ജനസംഖ്യ 144.17 കോടിയും ചൈനയിലേത് 142.5 കോടിയുമാണ്. ഇതേ നിലയിൽ തുടരുകയാണെങ്കിൽ 2060 കളിൽ ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 1.7 ബില്യണായി ഉയരുമെന്നും പിന്നീട് ദശാബ്ദങ്ങൾക്കു ശേഷം 12% കുറയുമെന്നും പഠനങ്ങൾ പറയുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി പല മാർഗങ്ങളും സ്വീകരിച്ചിരുന്ന ചൈനയിൽ ജനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നും റിപ്പോർട്ട് സൂചന നൽകുന്നുണ്ട്. എന്നാൽ ഈ നൂറ്റാണ്ടിലുടനീളം ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരുമെന്നുമാണ് വിലയിരുത്തൽ.

ചൈനയെ

മറികടന്ന് ഇന്ത്യ
ഐക്യരാഷ്ട്ര സംഘടന ജനസംഖ്യാ സംബന്ധമായ കണക്കുകളെടുക്കാൻ തുടങ്ങിയ 1950 ന് ശേഷം ആദ്യമായാണ് ചൈനയെ ഇന്ത്യ മറികടക്കുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ 25 ശതമാനം 14 വയസ് വരെ പ്രായമുള്ളവരും ഏഴ് ശതമാനം 65 ന് മുകളിൽ പ്രായമുള്ളവരുമാണ്. ഇന്ത്യയിൽ ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമ്പോഴും 2022 ൽ മാത്രം ചൈനയിൽ ജനനനിരക്കിൽ എട്ടരലക്ഷം പേരുടെ കുറവാണ് ഉണ്ടായത്. ജനസംഖ്യയിലെ കുറവ് കാരണം ഏകശിശു നയം ചൈന പിൻവലിച്ചെങ്കിലും നിരക്കിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കാനായില്ല. എന്നാൽ, ആയുർദൈർഘ്യത്തിൽ ചൈനയാണ് മുന്നിലുള്ളത്. ചൈനയിൽ സ്ത്രീകൾക്ക് 82 വയസും പുരുഷൻമാർക്ക് 76 വയസുമാണ് ആയുർദൈർഘ്യം. ഇന്ത്യയിൽ സ്ത്രീകൾക്ക് 74 വയസും പുരുഷന്മാർക്ക് 71 വയസുമാണ്.
ചൈനയിൽ ജനനനിരക്കും തൊഴിലെടുക്കാവുന്നവരുടെ എണ്ണവും കുറയുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. പല ചൈനീസ് പ്രവിശ്യകളും ജനസംഖ്യാ വർദ്ധനവിനായി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 2011 ന് ശേഷം ഇന്ത്യയിൽ സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. 2021 നടത്തേണ്ടിയരുന്ന ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് കൊവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു. 804.5 കോടിവരുന്ന ലോകജനസംഖ്യയിൽ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ജനങ്ങളാണ്. ജനസംഖ്യയിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 34 കോടി ജനങ്ങളാണ് അമേരിക്കയിലുള്ളത്.

അവശേഷിക്കുന്ന

വാർദ്ധക്യം

ജനസംഖ്യയിലെ വർദ്ധനവ് ഈ നിലയിൽ തുടരുകയാണെങ്കിൽ 2060നു ശേഷം ഇന്ത്യൻ ജനസംഖ്യ 170 കോടിയ്ക്ക് അടുത്തേക്ക് എത്തുമെന്നും പഠനങ്ങൾ പറയുന്നു. ഈ സമയത്ത് ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിലൊന്നും അറുപതു വയസ് പിന്നിട്ടവരായിരിക്കും. ഇത്തരത്തിൽ വയോജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് സാമ്പത്തിക മേഖലകളിലുൾപ്പെടെ പ്രതിഫലിക്കും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2050ൽ ലോകത്ത് ആറിൽ ഒരാൾ 65 വയസിന് മുകളിലുള്ളവരായിരിക്കും. നൂറ്റാണ്ടിന്റെ അവസാനത്തോ‌ടെ 14 വയസിൽ താഴെയുള്ളവരെക്കാൾ കൂടുതലായി പ്രായമായവർ അവശേഷിക്കും. നഗരവത്ക്കരണം, കുടിയേറ്റം എന്നിവയും സാമ്പത്തിക വികസനം, തൊഴിൽ, വരുമാന വിതരണം, ദാരിദ്ര്യം, സാമൂഹിക ക്ഷേമം എന്നിവയെ ബാധിക്കുന്ന തലമുറകൾക്ക് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.

അടിസ്ഥാന

ആവശ്യങ്ങൾ
രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഈ വർഷം തന്നെ 100 കോടിയാകുമെന്ന് പറയുന്നത് സാങ്കേതിക വിദ്യ വലിയ പുരോഗതി കൈവരിച്ചതിന് തെളിവാണ്. എന്നാൽ, ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങൾക്ക് ശുചിമുറിയോ ശുദ്ധജലമോ ലഭിക്കുന്നില്ലെന്ന വസ്തുത മറന്ന് പോകരുത്. മനുഷ്യരുടെ എണ്ണത്തിന് ആനുപാതികമായി വിഭവങ്ങൾ ലഭ്യമാകാത്ത അവസ്ഥ വന്നാൽ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആഗോള വിശപ്പ് സൂചികാ റിപ്പോർട്ടിന്റെ 2022 ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യം പിടിമുറുക്കുന്നുവെന്ന് മനസ്സിലാക്കാം. 121 രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാളിനും പാക്കിസ്ഥാനും പിന്നിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. 2021 ൽ 101ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. അതീവ ജാഗ്രതയോടെ ഇന്ത്യയിലെ പട്ടിണി പരിഹരിക്കേണ്ടതുണ്ടെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽ 22.4 കോടി ജനങ്ങൾക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, തങ്ങളുടെ ജനസംഖ്യയിലെ ഒന്നാം സ്ഥാനം നഷ്ടമായതിനെ നിസ്സാരവൽക്കരിച്ചായിരുന്നു ചൈനയുടെ പ്രതികരണം. വികസന മുന്നേറ്റത്തിന് വേണ്ട കഴിവും വൈദഗ്ധ്യവുമുള്ള 90 കോടിയോളം ആളുകൾ ചൈനയിൽ ഉള്ളപ്പോൾ ജനസംഖ്യയിൽ രണ്ടാമതാകുന്നത് കൊണ്ട് ഒന്നു സംഭവിക്കില്ലെന്നാണ് പ്രതികരണം.

മറ്റു വെല്ലുവിളികളും ഏറെ

ജനസംഖ്യ പ്രതിവർഷം വർദ്ധിക്കുമ്പോഴും രാജ്യം നേരിടേണ്ടി വരുന്നത് വെല്ലുവിളികൾ നിരവധിയാണ്. ഇത്രയും ജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിലും ലഭ്യതയും വിദ്യാഭ്യാസവും നിറവേറ്റുന്നതിൽ എത്രത്തോളം സജ്ജമാണെന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പോലും ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള തൊഴിലവസരങ്ങൾ നമ്മുടെ രാജ്യത്തില്ല. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തിൽ 15-25 വയസിനിടയിൽ പ്രായമുള്ളവരാണ്. ഇതിൽ തന്നെ മൂന്നിലൊന്ന് പേരും പഠിക്കാൻ അവസരം ലഭിക്കാത്തവരും തൊഴിലില്ലാത്തവരുമാണ്. പ്രായപൂർത്തിയായവരിൽ 50 ശതമാനത്തിൽ താഴെയാണ് ജോലി ചെയ്യുന്നവരായുള്ളത്.

ദേശീയ സാംപിൾ സർവേ ഓഫീസ് പ്രസിദ്ധീകരിച്ച പീരിയോഡിക് ടേബിൾ ഓഫ് സർവേ അനുസരിച്ച് 15 വയസിന് മുകളിൽ പ്രായമുള്ള 25.6% സ്ത്രീകൾ മാത്രമാണ് വേതനം കിട്ടുന്ന തൊഴിൽ ചെയ്യുന്നത്. രാജ്യത്ത് യു.പിയിലും പശ്ചിമ ബംഗാളിലുമാണ് ലിംഗ അസമത്വം കൂടുതൽ. യു.പിയിൽ ഏകദേശം 60 ശതമാനം സ്ത്രീകൾ തൊഴിലില്ലാത്തവരും വിദ്യാഭ്യാസം നേടാൻ അവസരമില്ലാത്തവരുമാണ്. പശ്ചിമ ബംഗാളിൽ 58.6 ശതമാനം സ്ത്രീകൾ തൊഴിലോ വിദ്യാഭ്യാസമോ നേടാത്തവരാണ്. മനുഷ്യ ശേഷിക്കനുസരിച്ച് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നയങ്ങൾ സർക്കാർ കൈക്കൊള്ളണം.

രാജ്യത്തെ ജനങ്ങളിൽ 65 ശതമാനം പേരും സൗകര്യം കുറഞ്ഞ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തുടർ പഠനത്തിനുള്ള സൗകര്യം നേടാൻ ഇവരിൽ പലർക്കും കഴിയുന്നില്ല. ഓരോ സംസ്ഥാനങ്ങളിലെ കുട്ടികളെ വൈദഗ്ധ്യമുള്ളവരും തൊഴിൽ യോഗ്യരാക്കാനും സാധിക്കും വിധം വിദ്യാഭ്യാസ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. 2030 ന് മുമ്പ് രാജ്യത്ത് 90 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ തൊഴിലില്ലായ്മയെ ഒരു പരിധി വരെയെങ്കിലും തുടച്ച് നീക്കാൻ സാധിക്കൂ.

ജനസംഖ്യാ വർദ്ധനവിന് അനുസൃതമായി അടിസ്ഥാന സൗകര്യ വികസനവും തൊഴിലവസരങ്ങളും വിദ്യാഭ്യാസവും രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, രാജ്യം വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരിക. രാജ്യത്തെ ഓരോ മനുഷ്യനും തൃപ്തിയോടെ ഇവിടെ ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് ഏറ്റവും പ്രധാനമെന്ന തിരിച്ചറിവാണ് അത്യാവശ്യം.