
മലപ്പുറം: അത്തപ്പൂക്കളമിടാനായി ഇന്നലെ ജില്ലയിലെ പൂക്കടകളിൽ എത്തിയവരിൽ പലരും നിരാശയോടെയാണ് മടങ്ങിയത്. വയനാട് ദുരന്ത പശ്ചാത്തലത്തിൽ പല സ്ഥാപനങ്ങളും ക്ലബുകളും ഓണാഘോഷ പരിപാടികൾ ലഘൂകരിച്ചതിനാൽ പല കച്ചവടക്കാരും വലിയ തോതിൽ പൂക്കൾ എത്തിച്ചിരുന്നില്ല. ആവശ്യക്കാർ കൂടുതലായി പൂക്കൾ തേടി വിപണികളിലെത്താൻ തുടങ്ങിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പൂക്കൾ കൊണ്ടുവരാനാണ് വ്യാപാരികളുടെ തീരുമാനം.
തെച്ചി, ജമന്തി, വാടാമല്ലി, ഡാലിയ, ചില്ലി റോസ്, പിച്ചി,നന്ത്യാർവട്ടം, കൊങ്ങിണി, താമര, ബന്ദി തുടങ്ങി മറുനാടൻ പൂക്കൾ വിപണിയിൽ എത്തിയിട്ടുണ്ട്. 100 രൂപ മുതലുള്ള അത്തപൂക്കള കിറ്റും വിപണിയിലുണ്ട്.
കർണാടകയിലെ ഗുണ്ടൽപേട്ട്, ഹൊസൂർ, തമിഴ്നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, തേനി, ബംഗളൂരു, മൈസൂർ, നാഗർഹോലെ, സേലം, ഊട്ടി, കോയമ്പത്തൂർ, കമ്പം, തേനി, ശീലയംപട്ടി, ശങ്കരൻകോവിൽ, മധുര, ഡിണ്ടിഗൽ, തോവാള തുടങ്ങിയ ഇടങ്ങളിൽ നിന്നും ഓണം വിപണിയിലേക്ക് പൂക്കൾ എത്തുന്നുണ്ട്.
മഞ്ഞ ചെണ്ടുമല്ലി, ഓറഞ്ചുബന്ദി, വെൽവെറ്റ് പൂക്കൾ എന്നിവ തോവാളയിൽ നിന്നാണ് എത്തുന്നത്. ഓണം വർണാഭമാക്കാൻ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിലാണ് ഇതരസംസ്ഥാനക്കാർ പൂക്കൃഷി നടത്തുന്നത്.
മലപ്പുറം നഗരത്തിൽ പൂക്കളുടെ നിലവിലെ വിപണിവില
മുല്ല 850
പിച്ചി 800
ജമന്തി 90
ചില്ല റോസ് 400
അരളി 200
താമര (18, 21 ഇതളുള്ളത്) ഒന്നിന് 10
താമര (101 ഇതളുകൾ) 30
വാടാമുല്ല 180
വയനാട് ദുരന്ത പശ്ചാത്തലത്തിൽ പല ക്ലബുകളും മറ്റും ഓണഘോഷ പരിപാടികൾ ഒഴിവാക്കിയത് പൂവിപണിയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. വരും ദിവസങ്ങളിൽ കച്ചവടം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തിരുവോണം അടുക്കുമ്പോഴേക്ക് വിലയിലും വർദ്ധനവുണ്ടാകും.
മുജീബ്, ലുലു ഫ്ളവർ ഷോപ്പ്