d

കാളികാവ്: അടയ്ക്കാക്കുണ്ടിൽ വീണ്ടും പുലിയിറങ്ങി. വളർത്തു പട്ടിയെ കടിച്ച് കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. അടക്കാക്കുണ്ട് പാറശ്ശേരി ആദിവാസി നഗറിൽ നിന്ന് തെന്നാടൻ സുധീഷിന്റെ വളർത്തു പട്ടിയെയാണ് പുലി കൊണ്ടുപോയത്. ഒരു മാസംമുമ്പ് അടക്കാക്കുണ്ട് ചങ്ങണംകുന്നിലെ മച്ചിങ്ങൽ രാധാകൃഷ്ണന്റെ വീട്ടു വരാന്തയിൽ നിന്നും ചങ്ങലിയിലിട്ട പട്ടിയെ പുലി കൊണ്ടുപോയിരുന്നു. പുലിയുടെ കാൽപ്പാടുകൾ വീട്ടുമുറ്റത്തും പരിസരങ്ങളിലും കാണുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ പുലിയിറങ്ങി ഇരുപതോളം ആടുകളെയും പട്ടികളെയും കൊണ്ടു പോയിട്ടുണ്ട്.
പാറശ്ശേരിയിലെ തോട്ടത്തിനു മുകളിൽ തെരച്ചിൽ നടത്തിയ നാട്ടുകാർ ഒരുഡസനോളം ജീവികളുടെ തലയോട്ടിയും മറ്റും കണ്ടെത്തിയിരുന്നു.
പുലി ഭീതി കാരണം വീട്ടുകാർ വൈകിട്ട് പുറത്തിറങ്ങുന്നത് തന്നെ പേടിയോടെയാണ്.പുലർച്ചെ റബ്ബർ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾ കടുത്ത ഭീഷണിയിലാണ്.കഴിഞ്ഞ രണ്ടു വർഷത്തോളമായി ഈ മേഖലയിൽ ഇടക്കിടെ പുലിയിറങ്ങി കുറേയേറെ വളർത്തുമൃഗങ്ങളെ കൊണ്ടു പോയിട്ടുണ്ട്.വനം വകുപ്പിന് വിവരം നൽകിയിട്ടുണ്ടെങ്കിലും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.