
മലപ്പുറം: എടവണ്ണ സ്വദേശി റിദാൻ ബാസിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിൽ മുൻ മലപ്പുറം എസ്.പി സുജിത് ദാസിന്റെയും അദ്ദേഹത്തിന്റെ ഡാൻസാഫ് സംഘത്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന് പി.വി. അൻവർ. കരിപ്പൂരിലെ സ്വർണ കള്ളക്കടത്തുമായി റിദാന് ബന്ധമുണ്ടായിരുന്നു. പൊലീസിനെതിരെ നിരവധി തെളിവുകൾ റിദാന്റെ ഫോണിൽ ഉണ്ടായിരുന്നെന്നാണ് കരുതുന്നത്. അത് കൈക്കലാക്കാനെത്തിയവരാവാം കൊലപ്പെടുത്തിയത്. ഫോൺ ഇതുവരെയും കണ്ടെടുത്തിട്ടില്ല.
ഇക്കഴിഞ്ഞ പെരുന്നാളിന്റെ തലേ ദിവസമാണ് റിദാൻ കൊല്ലപ്പെട്ടത്. അന്ന് രാത്രി സുഹൃത്ത് ഷാനിനൊപ്പം പുറത്ത് പോയ റിദാൻ തിരികെ വന്നില്ല. ഷാനുമായി റിദാന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നും സ്ഥാപിക്കാൻ ശ്രമം നടന്നു. ഇതിനായി, ഭർത്താവ് മരിച്ച് മൂന്നാംദിവസം റിദാന്റെ ഭാര്യയെ പൊലീസ് ഭീകരമായി മർദ്ദിച്ചു. അവിഹിത ബന്ധം സമ്മതിപ്പിക്കാനായി മൂന്ന് ദിവസം ഭക്ഷണം നൽകാതെയും ഉറങ്ങാൻ സമ്മതിക്കാതെയും മർദ്ദിച്ചതായി ഷാൻ തന്നോട് നേരിട്ട് പറഞ്ഞു. റിദാന്റെ ഭാര്യ സഹോദരിയെപ്പോലെയാണെന്നും മറ്റെന്തും സമ്മതിക്കാമെന്നുമായിരുന്നു ഷാനിന്റെ നിലപാട്. എന്നാൽ, ഷാൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
റിദാന്റെ മൃതദേഹം കണ്ടെത്തിയ ദിവസം പൊലീസ് പ്രദേശമാകെ അരിച്ച് പെറുക്കിയിട്ടും തെളിവ് ലഭിച്ചിരുന്നില്ല. നാലാം ദിവസമാണ് ഷാനിന്റെ വീട്ടിലെ വിറകുപുരയിൽ നിന്ന് തോക്ക് കണ്ടെടുത്തത്. സൗദിയിൽ ഷാനിനൊപ്പം ജോലി ചെയ്തിരുന്ന രണ്ട് യു.പിക്കാരെ ബന്ധപ്പെട്ട് അവർ തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയെന്ന് വരുത്തിത്തീർത്ത് കേസ് അവസാനിപ്പിച്ചു. പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന് റിദാന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
കള്ളക്കടത്തിലും
പൊലീസ് മുന്നിൽ
കരിപ്പൂരിലെ സ്വർണ കള്ളക്കടത്ത് കഴിഞ്ഞ മൂന്ന് വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിക്കുന്നത്. പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സി.ആർ.പി.സി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സ്വർണ കള്ളക്കടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റർ ചെയ്യേണ്ടത്. പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റുന്നു. സ്വർണം കൊണ്ടുവരുന്നവരെ കസ്റ്റംസ് സംഘം കടത്തി വിടുകയും വിവരം ഡാൻസാഫിന് കൈമാറുകയുമാണ് ചെയ്യുന്നത്. രാത്രി 10 കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച് ഉത്തരവിറക്കിയത് സുജിത് ദാസാണ്.
പരാതി പറയാൻ
ഫോൺ നമ്പർ
പൊലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവർക്ക് പരാതി അറിയിക്കാൻ 8304855901 എന്ന വാട്സ്ആപ്പ് നമ്പർ അൻവർ പുറത്തുവിട്ടു.