പെരിന്തൽമണ്ണ: നഗരത്തിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുത്ത രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജനകീയ സെമിനാർ ആലോചനയിലുണ്ടെന്നും എല്ലാവരുടെയും നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ താലൂക്ക് വികസന സമിതി യോഗത്തിൽ പറഞ്ഞു.
കുരുക്കിന് പരിഹാരമെന്താണെന്നും താത്ക്കാലികമായി നടപ്പാക്കാനാകുന്ന കാര്യങ്ങളെന്തൊക്കെയെന്നും ചർച്ച ചെയ്യും. പുലാമന്തോൾ മേലാറ്റൂർ പാതയുടെ നിർമ്മാണവും അങ്ങാടിപ്പുറം അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കുമാണ് പെരിന്തൽമണ്ണ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ. പുലാമന്തോൾ റോഡുമായി ബന്ധപ്പെട്ട് കരാറുകാർ ഉറപ്പുനൽകുകയും ചെറിയതോതിൽ പണി തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിൽ സംതൃപ്തനല്ല. ടൗൺഹാൾകക്കൂത്ത് റോഡ് മൂന്നുകോടി ചെലവിൽ വീതികൂട്ടി നവീകരിച്ചു. വെട്ടത്തൂർ ഭാഗങ്ങളിൽ നിന്ന് മാട് റോഡ് വഴി ടൗണിൽ പ്രവേശിക്കാതെ പോകാൻ റിങ് റോഡായി ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ യോഗത്തിലും കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങൾ എത്രമാത്രം നടപ്പായെന്ന വിലയിരുത്തലിന് സംവിധാനം ഒരുക്കണമെന്നും ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ കാലതാമസം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണയിലെ റിങ് റോഡുകൾ പരമാവധി വീതികൂട്ടി നന്നാക്കുകയാണ് ടൗണിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ വേഗത്തിൽ ചെയ്യാവുന്നതെന്ന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ പറഞ്ഞു. ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്നുള്ള തണ്ണീർപ്പന്തൽ റോഡ്, ജൂബിലി റോഡ് തുടങ്ങിയവ അടിയന്തരമായി നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് ടൗണിലെ ചെറുറോഡുകളിൽ പൊലീസുമായി ആലോചിച്ച് വൺവേ രീതി ഏർപ്പെടുത്തണമെന്ന് മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൾ കരീം നിർദേശിച്ചു.
ലഹരിക്കെതിരേയുള്ള ബോധവത്കരണം സ്‌കൂളുകളിൽ കാര്യക്ഷമമാക്കണമെന്ന് എ.ഇ.ഒ. യ്ക്ക് സമിതി നിർദേശം നൽകി. ഉത്സവകാലം കണക്കിലെടുത്ത് നിലമ്പൂരിലേക്ക് ഷൊർണൂരിൽ നിന്നും രാത്രി 9.30ന് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷിജു എം. സാമുവലിന്റെ നിർദേശം താലൂക്ക് വികസനസമിതിയുടെ പ്രമേയമായി അംഗീകരിച്ചു.
പുലാമന്തോൾകൊളത്തൂർ റോഡിൽ പൈപ്പിടാൻ കുഴിച്ച 1800 മീറ്റർ ഭാഗവും തൂതഏലംകുളം റോഡിലെ അരക്കിലോമീറ്ററും നന്നാക്കാനുള്ള ടെൻഡർ ആരും ഏറ്റെടുത്തില്ലെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.