
മലപ്പുറം: കോട്ടക്കുന്നിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ നടന്ന് അഞ്ച് വർഷം പിന്നിട്ടിട്ടും സുരക്ഷയ്ക്കായി തയ്യാറാക്കിയ ഡ്രൈനേജ് പദ്ധതി നടപ്പിലാക്കാതെ അധികൃതർ. കോട്ടക്കുന്നിന്റെ മുകൾ ഭാഗത്ത് നിന്നുള്ള മഴ വെള്ളം സുരക്ഷിതമായി താഴേക്ക് ഒഴുക്കി വിടുന്നതിന് ഡ്രൈനേജ് സംവിധാനം അടിയന്തരമായി നടപ്പിലാക്കാൻ ജില്ലാ ദുരന്ത നിവാരണ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധസമിതി ശുപാർശ ചെയ്തിരുന്നു. ദുരന്തത്തിന് ശേഷം കോട്ടക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ ഉണ്ടായതായി ജിയോളജി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഡ്രൈനേജ് നിർമ്മാണം വേഗത്തിൽ നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിലേക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും കത്ത് നൽകിയിരുന്നു. ഫയൽ ചുവപ്പുനാടയിൽ കുടുങ്ങിയതോടെ ഫണ്ട് അനുവദിക്കുന്ന നീണ്ടു. ഈ വർഷം ആഗസ്റ്റ് 14നാണ് ഡ്രൈനേജ് നിർമ്മാണത്തിനായി 2.03 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയറെ പദ്ധതിയുടെ നിർവഹണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഇനിയെങ്കിലും പദ്ധതി പ്രവൃത്തി വേഗത്തിൽ തുടങ്ങണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇനിയെത്ര കാലം ക്യാമ്പിൽ
മഴക്കാലമായാൽ കോട്ടക്കുന്നിൽ നിന്ന് മാറി താമസിക്കാൻ പ്രദേശവാസികൾക്ക് മുന്നറിയിപ്പേകുകയാണ് നഗരസഭ അധികൃതർ ചെയ്യുന്നത്. ഇത്തവണ മഴ കനത്തപ്പോൾ മലപ്പുറം ടൗൺ ഹാളിലാണ് ക്യാമ്പ് ഒരുക്കിയത്. സ്ഥിരമായി എം.എസ്.പി സ്കൂളിലാണ് ക്യാമ്പ് ഒരുക്കാറുള്ളത്. കോട്ടക്കുന്നിലെ നിർമ്മാണ പ്രവൃത്തികളോടെ കുന്നിൻമുകളിൽ നിന്ന് വെള്ളം താഴേക്ക് ഒലിച്ചുപോയിരുന്ന സ്വാഭാവിക നീർച്ചാലുകൾ നികത്തപ്പെട്ടു. ഇതോടെ വെള്ളം ഒലിച്ചിറങ്ങാൻ സംവിധാനം ഇല്ലാതായി. 2019 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ കോട്ടക്കുന്നിലെ ഒരുവീട്ടിൽ താമസിച്ചിരുന്ന മൂന്ന് പേരുടെ ജീവൻ നഷ്ടമായിരുന്നു. ഇതിനുശേഷം മഴക്കാലം എത്തുമ്പോൾ ഭീതിയോടെയാണ് കോട്ടക്കുന്ന് താഴ്വാരത്തുള്ള കുടുംബങ്ങൾ കഴിയുന്നത്. മഴ കനക്കുമ്പോൾ കോട്ടക്കുന്ന് പാർക്ക് അടച്ചിടാറുണ്ട്.