
കുറ്റിപ്പുറം : ആവാസ വ്യവസ്ഥകളെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം.തിരുനാവായ എ.എം.എൽ.പി സ്കൂളിൽ ശാസ്ത്ര പഠന പ്രൊജക്ടിന്റെ ഭാഗമായി നടന്ന സർവേയിലാണ് തിരുനാവായയിലും പരിസരത്തുമായി അധിനിവേശ സസ്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വന്നതായികണ്ടെത്തിയത്.
ഇവയുടെ വളർച്ചയിൽ തദ്ദേശീയ സസ്യങ്ങൾ നശിക്കുന്നത് കാരണം പ്രദേശത്തെ ആട് മാടുകൾക്ക് വേണ്ട പുല്ലിന്റെ ലഭ്യതയിൽ വലിയ കുറവ് വരുന്നു. പ്രദേശത്തെ മണ്ണിന്റെ ഘടന, ജലത്തിന്റെ ലഭ്യത ,വളം എന്നിവയെ ഇത് കാര്യമായി ബാധിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകനായ സൽമാൻ കരിമ്പനക്കൽ അഭിപ്രായപ്പെട്ടു. ഇത് കാരണം നമ്മുടെ വളപ്പുകളിൽ കണ്ട് വന്നിരുന്ന പല ഔഷധച്ചെടികളുടെയും എണ്ണം കുറഞ്ഞ് വന്നിട്ടുണ്ട്.
പ്രദേശത്തെ ജലാശയങ്ങളിൽ ആഫ്രിക്കൻ പായൽ, കുളവാഴ പോലുള്ളവ വ്യാപകമായി പെരുകിയതായി കണ്ടെത്തി. ഇത് ജലാശയത്തിലെ ഓക്സിജന്റെ അളവിനെയും സൂര്യപ്രകാശത്തിന്റെ സഞ്ചാരത്തെയും ബാധിക്കുന്നതിനാൽ തദ്ദേശീയ ജല ജീവികളുടെ വർദ്ധനവിനെ തടയുന്നുണ്ട്. വർണ്ണച്ചേമ്പുകൾ, മഞ്ഞ പയർ, ചെറുചീര, ചോരച്ചീര, നാറ്റപ്പൂച്ചെടി, അമ്മിണിപ്പൂ, മുടിയൻപച്ച, മുള്ളൻ ചീര, അടമ്പ്, കൊങ്ങിണി തുടങ്ങി അമ്പതോളം അധിനിവേശ സസ്യങ്ങളെ കണ്ടെത്തി.
ഒരു ചെടിയിൽ നിന്ന് തന്നെ ആയിരത്തിലധികം വിത്തുകൾ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഇവയുടെ വ്യാപനം നിയന്ത്രിക്കാനും ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനുംബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.