
മലപ്പുറം: മാലിന്യനിർമ്മാർജ്ജന രംഗത്ത് ഒന്നിച്ച് നിന്ന് പ്രവർത്തിച്ച് ജില്ലയിൽ മാതൃകാപരമായ മാറ്റമുണ്ടാക്കാൻ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. ഇക്കാര്യത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയിൻ ജില്ലാ നിർവഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിച്ച് മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന തരത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് മാലിന്യമുക്തം നവകേരളം കാമ്പെയിൻ സംഘടിപ്പിക്കുന്നത്. മാർച്ച് 31ന് സമ്പൂർണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പ്രവർത്തനങ്ങൾ നടത്തുന്നത്. തൊഴിലാളി സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, സർവീസ്, യുവജന, വ്യാപാര, സന്നദ്ധ സംഘടനകൾ, കുട്ടികളുടെ സംഘടനകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചാണ് ജനകീയ കാമ്പെയിൻ നടത്തുന്നത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, ജൈവ, അജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേന വഴി കൈമാറ്റം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം. ഹരിത കേരളം മിഷനാണ് ഏകോപനത്തിന്റെ ചുമതല.
യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അജയകുമാർ കാമ്പെയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, അസി. ഡയറക്ടർ ഷാജു, ഹരിതകേരളം, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർമാർ, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.