
മലപ്പുറം: നിർദ്ദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുക അഞ്ചിടങ്ങളിലൂടെ മാത്രം. കരുവാരക്കുണ്ട്, ചെമ്പ്രശ്ശേരി, കാരക്കുന്ന്, അരീക്കോട്, ചീക്കോട് വില്ലേജുകളിലാവും പ്രവേശന കവാടങ്ങൾ നിർമ്മിക്കുക. ഓരോ പ്രവേശന കവാടങ്ങളും തമ്മിൽ പത്ത് കിലോമീറ്ററിന്റെ വ്യത്യാസമുണ്ടാവും. ഗതാഗത തടസ്സമില്ലാതെ അതിവേഗ യാത്രാസൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണിത്. ഇതോടെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വേർപ്പെടുമെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. സർവീസ് റോഡുകൾ പരസ്പരം ബന്ധിപ്പിക്കും വിധത്തിൽ അടിപ്പാതകൾ നിർമ്മിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പ്രവേശന റോഡുകൾ, അടിപ്പാതകൾ, ടോൾ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി എം.പി, എം.എൽ.എമാർ, തദ്ദേശ ഭരണസമിതി പ്രതിനിധികൾ, ജില്ലാ കളക്ടർ, ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവർ ഉൾപ്പെട്ട സംയുക്ത സമിതി സ്ഥലം സന്ദർശിക്കും. എതിർപ്പുകളില്ലാതെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ടോൾ പിരിവ് കേന്ദ്രങ്ങൾ നിർമ്മിക്കാനും അത്യാവശ്യഘട്ടങ്ങളിൽ ചരക്ക് വാഹനങ്ങളുടെ പാർക്കിംഗിനുമായി ഏഴിടങ്ങളിൽ പാതയുടെ വീതി 45 മീറ്ററിൽ നിന്ന് 60 മീറ്ററാക്കി ഉയർത്താൻ അധികമായി ഏറ്റെടുക്കുന്ന ഭൂമിയുടെ ത്രീ എ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സംയുക്ത സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ തുടർനടപടിയിലേക്ക് കടക്കൂ. കരുവാരക്കുണ്ട്, ചെമ്പ്രശ്ശേരി, കാരക്കുന്ന്, അരീക്കോട്, ചീക്കോട്, വാഴക്കാട്, വാഴയൂർ വില്ലേജുകളിലാണ് അധിക ഭൂമി ഏറ്റെടുത്തിട്ടുള്ളത്. വാഴയൂരും കരുവാരക്കുണ്ടിലും ട്രോൾ പിരിവ് കേന്ദ്രങ്ങൾ തുടങ്ങും. ചെമ്പ്രശ്ശേരി, കാരക്കുന്ന്, അരീക്കോട്, ചീക്കോട്, വാഴക്കാട് എന്നിവിടങ്ങളിൽ ചരക്ക് വാഹനങ്ങൾ ഒതുക്കിനിറുത്തി ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കും.
നിർമ്മാണം പുതുവർഷത്തിൽ