nnnnnnnn

മലപ്പുറം: ജില്ലയിൽ പൊതുജനങ്ങൾ ആശ്രയിക്കുന്ന മുഴുവൻ പൊതു,​ സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. സർക്കാർ ഓഫീസുകളും പൊതുസ്ഥാപനങ്ങളും കൂടാതെ പൊതുജനങ്ങളെത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാതരത്തിലുമുള്ള ഭിന്നശേഷിക്കാർക്കും പ്രാപ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ വി.എം ആര്യ, ജില്ലാ സാമൂഹികനീതി ഓഫീസർ ഷീബ മുംതാസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ഷാബിർ ഇബ്രാഹീം എന്നിവർ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ആക്സസ് മലപ്പുറം സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിനിടെ ജില്ലാ കളക്ടറെ കാണാനെത്തിയ ബോബി ചെമ്മണൂർ യോഗത്തിൽ പ്രത്യേകാതിഥിയായി പങ്കെടുത്തു.

ആക്സസിബിലിറ്റി ഓഡിറ്റ്

എല്ലാ സർക്കാർ ഓഫീസുകളുടെയും നിലവിലെ ഭിന്നശേഷി സൗഹൃദ സ്ഥിതി പരിശോധിക്കുന്നതിന് ആക്സസിബിലിറ്റി ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. ഓഫീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച് 39 പേജുള്ള ചെക്ക് ലിസ്റ്റ് കൈമാറി വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ സമ്പൂർണ ഭിന്നശേഷി പ്രാപ്യമാക്കുന്നതിനാണ് ആദ്യ പരിഗണന നൽകുന്നത്. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ സെപ്ബംർ 10നകം സിവിൽ സ്റ്റേഷനിലെ ആക്സസിബിലിറ്റി ഓഡിറ്റ് പൂർത്തിയാക്കും. സാദ്ധ്യമായ രീതിയിൽ എല്ലാ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കും.

തുടർന്ന് ആറുമാസത്തിനകം മുൻഗണാടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പരമാവധി ഭിന്നശേഷി പ്രാപ്യമാക്കാനും സ്ഥാപനങ്ങൾക്ക് ആക്സസിബിലിറ്റി റേറ്റിങ് നടപ്പാക്കാനും നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കും സ്ഥാപന മേധാവികൾക്കും ആവശ്യമായ പരിശീലനം നൽകും.