cpm

മലപ്പുറം: എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്താതെ പൂഴ്ത്തിവച്ചെന്ന് പി.വി.അൻവർ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമാണ് ഇതിനു പിന്നിൽ. സ്‌പെഷ്യൽ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി വിവരമറിയുന്നതെന്നും

അദ്ദേഹം പറഞ്ഞു.

വിശ്വസിച്ചവർ ചതിച്ചോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. അവരെ അവിശ്വസിക്കണമെങ്കിൽ അദ്ദേഹത്തിനത് ബോദ്ധ്യപ്പെടണം. അതിലേക്ക്

കാര്യങ്ങൾ എത്തുകയാണ്. പരിപൂർണ്ണ ബോദ്ധ്യം വരുന്നതോടെ തീരുമാനമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീ വച്ച കേസിൽ പൊലീസിലെ ആർ.എസ്.എസ് സംഘം അന്വേഷണം വഴി തിരിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കി. കേസന്വേഷണം ആദ്യമായി വഴി തിരിച്ച മുൻ ഡിവൈ.എസ്.പി രാജേഷ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബൂത്ത് ഏജന്റായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി 2023 മേയിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കേസ് എങ്ങനെയാണ് അട്ടിമറിച്ചതെന്നും ആരാണ് പിന്നിലുള്ളതെന്നും പറയുന്നുണ്ട്. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടിയും ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടും അജിത് കുമാറിന്റെ ക്രിമിനൽ സംഘം പൂഴ്ത്തി. ഇപ്പോഴും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിയിട്ടില്ല.

പൊലീസിലെ ക്രിമിനൽ സംഘം സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുമ്പോൾ ഇക്കാര്യം പഠിച്ച് പാർട്ടിക്കും സർക്കാരിനും റിപ്പോർട്ട് നൽകേണ്ട പൊളിറ്റിക്കൽ സെക്രട്ടറി തന്റെ ഉത്തരവാദിത്വം നിർവഹിച്ചില്ല. സോളാർ കേസ് അട്ടിമറിച്ചത് എന്തു കൊണ്ട് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കണ്ടെത്താനായില്ല?. ഇക്കാര്യങ്ങൾ വിശദമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകുമെന്നും അൻവർ പറഞ്ഞു.