മലപ്പുറം: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയിൽ ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ അഞ്ച് മരണങ്ങളുണ്ടായി. പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് മൂന്ന് പേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു. പകർച്ചവ്യാധികളെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഡെങ്കി ലക്ഷണങ്ങളോടെ 1325 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 48 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയിൽ പകർച്ചവ്യാധികൾ വർദ്ധിച്ചേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കി കൊതുകിന്റെ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ മിക്കയിടങ്ങളിലും ഡെങ്കിപ്പനി വ്യാപിച്ചിട്ടുണ്ട്. വാഴക്കാട്, പെരുവള്ളൂർ, കൂട്ടായി, മാറഞ്ചേരി, തൃക്കലങ്ങോട്, തൃപ്പനച്ചി, ചേലേമ്പ്ര, താഴേക്കോട്, പുളിക്കൽ, അങ്ങാടിപ്പുറം, മുന്നിയൂർ, കടലുണ്ടി നഗരം, അത്താണിക്കൽ, എടവണ്ണ, വഴിക്കടവ്, മൂത്തേടം, മഞ്ചേരി, പൂക്കോട്ടൂർ, വണ്ടൂർ, കരുവാരക്കുണ്ട്. പോരൂർ, പാണ്ടിക്കാട്, തിരുവാലി, കുഴിമണ്ണ, തുവ്വൂർ, മങ്കട, വഴിക്കടവ്, ഓടക്കയം, കാവന്നൂർ, കീഴുപറമ്പ, കൂട്ടിലങ്ങാടി, ആലിപ്പറമ്പ, വട്ടംകുളം, കൊണ്ടോട്ടി, പള്ളിക്കൽ, ചുങ്കത്തറ, പുഴക്കാട്ടിരി, ഓമാനൂർ എന്നിവിടങ്ങളിൽ 48 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാർഗ്ഗം കൊതുകിന്റെ ഉറവിട നശീകരണമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. 24 പേർ ചികിത്സ തേടിയപ്പോൾ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃക്കലങ്ങോട്, അത്താണിക്കൽ, പള്ളിക്കൽ, അങ്ങാടിപ്പുറം, വണ്ടൂർ, കാവന്നൂർ, മക്കരപ്പറമ്പ്, മഞ്ചേരി എന്നിവിടങ്ങളിലാണ് രോഗബാധിതരുള്ളത്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 62 പേരും ചികിത്സ തേടിയിട്ടുണ്ട്.
കരുതാം ഡെങ്കിപ്പനിയെ