
കാളികാവ്: കുടിവെള്ള പദ്ധതി മുഴുവൻ പണിയും പൂർത്തീകരിച്ചതായി കാണിച്ച് ഫണ്ട് കൈപ്പറ്റിയതായി പരാതി. ചോക്കാട് പഞ്ചായത്തിലെ ഹരിജൻ കുന്നിലാണ് സംഭവം. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമ്മാണം. 2023 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കണമെന്നാണ് കരാറിലുള്ളത്. എന്നാൽ ഇത്രയും കാലമായിട്ടും ഒരു തുള്ളി വെള്ളം പോലും പ്രദേശത്തുകാർക്ക് ലഭിച്ചിട്ടില്ല. കിണറിന്റെ പണിയും ടാങ്കിന്റെ പണിയും പൂർത്തിയായിട്ടുണ്ട്. എന്നാൽ വൈദ്യുതി ഇനിയും ലഭ്യമാക്കിട്ടിയില്ല.ഡി.വൈ.എഫ് ഐ മേഖലാ കമ്മിറ്റി വിവരാവകാശ ം നൽകിയതിനെത്തുടർന്ന് 2024 ജനുവരി മാസം പദ്ധതി പൂർത്തീകരിച്ചതായുള്ള മറുപടിയാണ് ലഭിച്ചത്. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചോക്കാട് മേഖലാ കമ്മിറ്റി വിജിലൻസിന് പരാതി നൽകി.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരമുള്ള പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.സിറാജുദ്ദീൻ പറഞ്ഞു. ഈ പദ്ധതിയുടെ വൈദ്യുതി കണക്ഷന് ജില്ലാ പഞ്ചായത്ത് ആദ്യം തുക വകയിരുത്തിയിരുന്നു. എന്നാൽ ഗുണഭോക്താക്കൾ കൂടിയപ്പോൾ വൈദ്യുതീകരണത്തിന് നീക്കിവെച്ച തുക കൂടി ഗാർഹിക കണക്ഷൻ നൽകുന്നതിന് ഉപയോഗിച്ചു. മാർച്ച് 15 ന് വൈദ്യുതീകരണത്തിന് ഗ്രാമപ്പഞ്ചായത്തിനോട് തുക മാറ്റിവെയ്ക്കാൻ ജില്ലാ പഞ്ചായത്ത് നിർദേശിച്ചു. ഗ്രാമപ്പഞ്ചായത്ത് 1.60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.