
പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചർച്ചയായി മലപ്പുറം എടവണ്ണ അറയിലകത്ത് റിദാന്റെ കൊലപാതകവും. ഇതേത്തുടർന്ന നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. റിദാൻ ബാസിൽ കൊല്ലപ്പെട്ടതെങ്ങനെ? പൊലീസ് കേസ് അട്ടിമറിച്ചോ! വെളിപ്പെടുത്തലിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിലേക്കും മുൻ മലപ്പുറം എസ്.പി സുജിത് ദാസിലേക്കും റിദാൻ ബാസിൽ കൊലപാതകത്തിന്റെ സംശയമുന നീണ്ടിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തു നിന്ന് വാഹനത്തിൽ എം.ഡി.എം.എയുമായാണ് റിദാൻ ബാസിൽ പൊലീസിന്റെ പിടിയിലാവുന്നത്. സ്വർണക്കടത്തിൽ ഉന്നതരുടെ പങ്ക് വെളിപ്പെടുത്തിയേക്കുമെന്ന സംശയത്തിലാണ് മയക്കുമരുന്ന് കേസിൽ റിദാനെ കുടുക്കിയതെന്നും പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് റിദാൻ ബാസിലിന്റെ കുടുംബത്തിന്റെ ആരോപണം. റിദാന്റെ വാഹനത്തിൽ മയക്കുമരുന്ന് വെച്ച ശേഷം കുടുക്കിയതാണെന്ന് വെളിവാക്കുന്ന പൊലീസ് ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിൽ നടത്തിയതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.
ദുരൂഹതകളേറെ?
റിദാൻ വധക്കേസിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും മുൻ എസ്.പി സുജിത് ദാസിന്റെയും പങ്ക് എന്താണ്? റിദാൻ സ്വർണം കടത്തിയത് ആർക്ക് വേണ്ടി, റിദാൻ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഉന്നതർ ആര് എന്നിങ്ങനെ ഒരുപിടി സംശയങ്ങൾ പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലോടെ ഉയർന്നിട്ടുണ്ട്. റിദാൻ വധക്കേസിൽ വിജിലൻസ് അന്വേഷണത്തിന് ഡി.ജി.പി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സി.ബി.ഐ അന്വേഷണമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ആക്ഷൻ കൗൺസിലും രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഏപ്രിൽ 22ന് പെരുന്നാൾ ദിവസം രാവിലെയാണ് എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിലിനെ വീട്ടിൽ നിന്നും അരക്കിലോമീറ്റർ അപ്പുറത്തുള്ള പുലിക്കുന്ന് മലയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ മുഹമ്മദ് ഷാനെ (30) മൂന്നാം ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളായ ഏഴ് പേരും പിന്നാലെ അറസ്റ്റിലായി. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെടും മുമ്പ് റിദാൻ കരിപ്പൂരിൽ എം.ഡി.എം.എ കേസിൽ അറസ്റ്റിലായിരുന്നു. തന്നെ കുടുക്കിയതാണെന്ന് വാദിച്ച റിദാൻ സ്വർണക്കള്ളക്കടത്ത്, ലഹരി മാഫിയകളിലെ പ്രധാനികളുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റിദാൻ വെടിയേറ്റ് മരിച്ചത്.
ചെമ്പക്കുത്ത് ജാമിഅ നദ്‌വിയ്യ കോളേജിന് സമീപം ആളൊഴിഞ്ഞ കുന്നിൻ പ്രദേശമാണ് പുലിക്കുന്ന് മല. മുകൾ ഭാഗം റിയൽ എസ്റ്റേറ്റ് ആവശ്യത്തിനായി നികത്തിയിട്ടുണ്ട്. നല്ല കാറ്റുള്ള ശാന്തമായ പ്രദേശമായതിനാൽ വൈകുന്നേരങ്ങളിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ ഇവിടെ എത്താറുണ്ടായിരുന്നു. പതിയെ ലഹരി മാഫിയയുടെ കേന്ദ്രമാവാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഇവിടെ നിന്ന് വിട്ടുനിന്നു. സമീപവാസികൾ ലഹരി സംഘങ്ങളുടെ സാന്നിദ്ധ്യം സംബന്ധിച്ച് പരാതിയും നൽകിയിരുന്നു. ഈ മല മുകളിൽ റിദാൻ ബാസിലിന്റെ ബന്ധുവിനും സ്ഥലമുണ്ട്. ഇവിടെ ഏറുമാടം പോലെ കെട്ടിയുണ്ടാക്കിയ ഇടത്തേക്ക് പലപ്പോഴും റിദാൻ വിശ്രമിക്കാനായി എത്താറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ രാത്രി വൈകിയും റിദാൻ ഇവിടെ ഉണ്ടാവാറുണ്ട്. ഈ സമയങ്ങളിൽ ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന ഇവിടം ആളുകളുടെ സാന്നിദ്ധ്യമുണ്ടാവില്ല. എന്ത് നടന്നാലും പുറംലോകമറിയില്ല. റിദാൻ കൊല്ലപ്പെട്ട കിടന്ന സ്ഥലം പുലിക്കുന്ന് മല അവസാനിക്കുന്നയിടത്താണ്. ഇവിടേക്ക് പകലിൽ പോലും അധികമാരും ചെല്ലാറില്ല. അഞ്ച് മീറ്റർ ചുറ്റളവിൽ നിന്നാണ് റിദാന് വെടിയേറ്റതെന്നാണ് നിഗമനം. മൃതദേഹത്തിൽ നിന്ന് തോക്കിന്റെ തിരയും കണ്ടെത്തിയിരുന്നു. തോക്ക് ഉപയോഗിക്കുന്നതിൽ അത്രത്തോളം നൈപുണ്യം പ്രതി മുഹമ്മദ് ഷാനിന് ഉണ്ടോ എന്നതും ഉയരുന്ന ചോദ്യമാണ്. മലയുടെ താഴ്‌വാരത്തായി 200 മീറ്റർ പരിധിയിൽ അഞ്ച് വീടുകളുണ്ട്. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്ന് ഉയരുന്ന ശബ്ദം താഴെയുള്ള വീടുകളിൽ കേൾക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അസ്വാഭാവികമായ ഒരു ശബ്ദവും ഒരാളും കേട്ടിട്ടില്ല. റിദാനെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം പുലിക്കുന്നിന് മുകളിൽ ഉപേക്ഷിച്ചതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇങ്ങനെയെങ്കിൽ പൊലീസിന്റെ കുറ്റപത്രത്തെ ഒന്നാകെ തള്ളുന്നതായിരിക്കും അത്.
പി.വി.അൻവറിന്റെ ആരോപണം
'റിദാന്റെ ഭാര്യയോടും കുടുംബത്തോടും വിശദമായി സംസാരിച്ചു. പ്രതിയെന്ന് പൊലീസ് പറയുന്ന ഷാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നാണ് റിദാന്റെ ഭാര്യ പറയുന്നത്. റിദാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാൻ. അവർ അത്രയും സ്‌നേഹത്തിലാണ്. അങ്ങനെയൊരു കുറ്റം ഷാൻ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെട്ടപ്പോഴും പറഞ്ഞത്. പിന്നെയെങ്ങനെ ഷാൻ പ്രതിയായി. മരണം നടന്ന് രണ്ടാം ദിവസം റിദാന്റെ ഭാര്യയോട് വളരെ മോശമായാണ് പൊലീസ് പെരുമാറിയത്. ഷാനുമായി റിദാന്റെ ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. ഷാനിനൊപ്പം ജീവിക്കാനാണ് റിദാനെ വെടിവച്ചു കൊന്നതെന്നു പറയിപ്പിക്കാനായിരുന്നു ശ്രമം. യുവതിയെ മൂന്ന് ദിവസം പൊലീസ് ഭീകരമായി മർദിച്ചു. ഇക്കാര്യം സമ്മതിച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. തെറ്റായ കാര്യമായതിനാൽ ഇക്കാര്യം സമ്മതിക്കാനാകില്ലെന്നും ജയിലിൽ പോകാമെന്നും യുവതി പറഞ്ഞു. പൊലീസിന്റെ നിർദ്ദേശം അനുസരിക്കാത്തതിനാൽ വേറൊരു വൈരാഗ്യക്കഥ ഉദ്യോഗസ്ഥർ തയാറാക്കി. എല്ലാം കെട്ടിച്ചമച്ചതാണ്. അവിഹിത ബന്ധം സ്ഥാപിക്കാൻ മൂന്നര ദിവസം ഷാനിനേയും പൊലീസ് കസ്റ്റഡിയിൽ മൃഗീയമായി മർദ്ദിച്ചു. അവനും സമ്മതിക്കാതെ വന്നതോടെ റിദാനുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ആരോപിച്ച് കുറ്റപത്രം തയാറാക്കി. ഇതും മർദ്ദിച്ചു പറയിപ്പിച്ചതാണ്. വൈകിട്ട് ഏഴിന് തന്റെ വീട്ടിൽ നിന്ന് റിദാൻ ഷാനിനൊപ്പം പോയി എന്നതാണ് ആകെ തെളിവ്. ഇരുവരും ചായ കുടിച്ച് പിരിഞ്ഞു.
റിദാന് കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരമുണ്ടായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ചില പൊലീസ് ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. റിദാന്റെ ഫോൺ വേറെ കേസിൽപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ചു. റിദാന്റെ ഫോൺ പൊലീസ് കണ്ടെത്തിയില്ല. ഫോൺ ചാലിയാറിൽ എറിഞ്ഞുവെന്ന് സമ്മതിക്കണമെന്ന് ഷാനെ നിർബന്ധിച്ചു. പൊലീസ് ഷാന്റെ വീട് മൂന്ന് ദിവസം അരിച്ച് പൊറുക്കിയിരുന്നു. അന്നൊന്നും കണ്ടെത്താത്ത തോക്ക് പിന്നീട് പൊലീസ് ഷാനിന്റെ വീടിന്റെ കട്ടിലിനടിയിൽ നിന്ന് കണ്ടെടുത്തു. പി.വി. അൻവർ എം.എൽ.എ ആരോപിച്ചു. ഏതായാലും സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ വരേണ്ടതുണ്ട്.