cccccccc

മലപ്പുറം: ഓണവും സ്‌കൂൾ അവധിയും ആഘോഷമാക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് മുന്നിൽ കണ്ട് ഉല്ലാസ ബോട്ട് സർവീസുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി അധികൃതർ. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളോട് മതിയായ രേഖകൾ ഹാജരാക്കാൻ മാരിടൈം ബോർഡ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 11 ബോട്ടുകൾ മാത്രമാണ് യഥാവിധി രേഖകൾ സമർപ്പിച്ചിട്ടുള്ളത്. ഇവർക്ക് മാത്രമാണ് ഈ ഓണം സീസണിൽ ഉല്ലാസ ബോട്ട് സർവീസ് നടത്താൻ അനുമതിയുള്ളത്. ഭാരതപുഴയിലും ചാലിയാറിലുമായി ജില്ലയിൽ വിവിധയിടങ്ങളിൽ നിരവധി ഉല്ലാസ ബോട്ടുകൾ സർവീസ് നടത്തുമ്പോഴാണ് 11 ബോട്ടുകൾ മാത്രം കൃത്യമായ രേഖകൾ സമർപ്പിച്ചത്. ഈ ബോട്ടുകൾ ഒഴികെയുള്ളവ ഉല്ലാസ യാത്ര നടത്തുന്നുണ്ടോ എന്നത് റവന്യൂ, തദ്ദേശ വകുപ്പ്, പൊലീസ് ഉൾപ്പെട്ട പ്രത്യേക സ്ക്വാഡ് കൃത്യമായി പരിശോധിക്കും. അനുവദനീയമായതിലും അധികം പേരെ ബോട്ടിൽ കയറ്റിയാൽ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. ഓണ സീസണിൽ ബോട്ട് ജെട്ടികളിൽ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നതും ആശ്വാസകരമാണ്.

അനധികൃത സർവീസിന് കർശന നടപടി

ഓണം അവധി പ്രമാണിച്ച് കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ബോട്ട് സർവീസ് നടത്തുന്നവർ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

സംസ്ഥാന മാരിടൈം ബോർഡ് അധികൃതർ