ddddd

കാളികാവ്: വിവാദങ്ങൾക്കിടെ കാളികാവ് പഞ്ചായത്തിലെ മരാമത്ത് വർക്കുകൾ വീണ്ടും കുരുക്കിൽ.

ഇ-ടെൻഡർ നടത്തി മരാമത്ത് പണികൾ നടത്തുന്നതിനു പകരം 48 പദ്ധതികൾ അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകിയതും റദ്ദായി. പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയുടെ അംഗീകാരം നഷ്ടപ്പെട്ടതാണ് കാരണം. ഈ മാസം ഒന്നാം തീയതി ഈ കൺസൾട്ടൻസിയുടെ ലൈസൻസ് കാലാവധി അവസാനിച്ചതായി കാളികാവ് പഞ്ചായത്ത് അസി. എൻജിനീയർ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 31ന് മത്സരാടിസ്ഥാനത്തിൽ ക്ഷണിച്ച ടെൻഡറും റദ്ദായതായി എ.ഇ കത്തിലൂടെ അറിയിച്ചു.

2024-25 വർഷത്തിലെ 3.85 കോടിയുടെ 48 വർക്കുകളാണ് അക്രഡിറ്റഡ് ഏജൻസിക്ക് കൊടുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. പഞ്ചായത്തിൽ നിലവിലുള്ള എൻജിനീയറെയും ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരെയും വച്ച് നടപ്പു വർഷത്തെ പദ്ധതി പൂർത്തിയാക്കാനാവില്ല എന്നതായിരുന്നു വർക്കുകൾ അക്രഡിറ്റഡ് ഏജൻസിക്കു കൊടുക്കാൻ കാരണം. 25 മാർച്ചോട് കൂടി മുഴുവൻ വർക്കുകളും പൂർത്തിയാക്കുമെന്നും ഭരണസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

എന്നാലിപ്പോൾ എസ്റ്റിമേറ്റും ഡി.പി.സി അംഗീകാരവും ലഭിച്ച വർക്കുകളാണ് തള്ളിപ്പോയത്. റീഎസ്റ്റിമേറ്റും റീ ടെൻഡറും ഡി.പി.സി അംഗീകാരവും നേടി പദ്ധതി പൂർത്തിയാക്കാൻ കഴിയുമോ എന്നത് സംശയമാണ്.

പഞ്ചായത്തിനു കീഴിലുള്ള പി.ഡബ്ല്യു.ഡി കരാറുകാർക്ക് വർക്കുകൾ നൽകാതെ അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകിയതിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു.

ഇതിനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.നിലവിലെ ടെൻഡർ റദ്ദായ സാഹചര്യം കണക്കിലെടുത്ത് അടുത്തുതന്നെ പഞ്ചായത്തു ബോർഡ് യോഗം ചേർന്ന് തുടർ നടപടിയാരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജിമോൾ പറഞ്ഞു.