
# മരിച്ചത് 23കാരൻ വിദ്യാർത്ഥി
# കോഴിക്കോട്ടെ പരിശോധന
ഫലം പോസിറ്റീവ്
മലപ്പുറം: തിരുവാലി നടുവത്ത് ശാന്തിഗ്രാമത്തിൽ 23കാരനായ വിദ്യാർത്ഥി മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളൂരുവിൽ പഠിക്കുന്ന യുവാവ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സെപ്തംബർ 9ന് രാവിലെ 8.30നാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്രവ സാംപിൾ പരിശോധനാഫലം പോസിറ്റീവാണ്. പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. അവിടത്തെ പരിശോധനയിലേ അന്തിമ സ്ഥിരീകരണമുണ്ടാവൂ.
സൈക്കോളജി വിദ്യാർത്ഥിയായ യുവാവിന് രണ്ട് മാസം മുമ്പ് ബംഗളൂവിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. നാട്ടിലെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭേദമായതിനെ തുടർന്ന് തിരിച്ചുപോയി. താമസസ്ഥലത്ത് വച്ച് തെന്നിവീണ് കാലിന് പരിക്കേറ്റതോടെ വീണ്ടും നാട്ടിലെത്തി ചികിത്സിച്ചു. സെപ്തംബർ അഞ്ചിന് പനി ബാധിച്ച് ആദ്യം നടുവത്തെയും പിന്നീട് വണ്ടൂരിലെയും സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടി. ഭേദമാകാത്തതിനാൽ എട്ടിന് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം മരിച്ചു. മരണകാരണം പനിയെ തുടർന്ന് തലച്ചോറിലുണ്ടായ നീർക്കെട്ട് ആണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഡോക്ടറുടെ സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
സമ്പർക്കം വിപുലം;
കടുത്ത നിയന്ത്രണം
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേർന്ന് നിപ സ്ഥിരീകരിച്ച തിരുവാലി നടുവത്തും വണ്ടൂർ, മമ്പാട് പഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം നൽകി.
കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലേക്ക് കടക്കുകയാണ് ജില്ലാ ഭരണകൂടം. യുവാവുമായി സമ്പർക്കമുണ്ടായിരുന്ന അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലാക്കി. റൂട്ട് മാപ്പും ഖബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നുണ്ട്.
മരണം നടന്ന് അഞ്ച് ദിവസത്തിനുശേഷമാണ് നിപ സ്ഥിരീകരിച്ചത്. പനി മരണമെന്ന ധാരണയിൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ല. വലിയ സമ്പർക്ക പട്ടികകയ്ക്ക് സാദ്ധ്യതയുണ്ട്.
ജൂലായ് 20ന് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14കാരന് നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. നടുവട്ടത്ത് നിന്ന് 15 കിലോമീറ്റർ ചുറ്റളവിലാണ് നേരത്തെ നിപ്പ സ്ഥിരീകരിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരി. പുതിയ നിപ്പ കേസോടെ ആറ് വർഷത്തിനിടെ ആറാം തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.