
തിരൂരങ്ങാടി ; രാജൻ വിടപറഞ്ഞെങ്കിലും നബിദിന ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള മധുരവിതരണം കുടുംബം മുടക്കിയില്ല. ഇത്തവണ രാജന്റെ മകൻ ആറുവയസുകാരൻ അർജിത്ത് ആണ് മദ്രസാ കമ്മിറ്റി ഭാരവാഹികൾക്ക് മധുരം നൽകിയത്. ചെറുമുക്ക് മമ്പാഉൽ ഉലും സെക്കൻഡറി മദ്രസ ഉഖുവത്തുൽ ഇസ്ലാം സംഘത്തിന്റെ കീഴിൽ നടന്ന നബിദിന ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് മധുരം വിതരണം ചെയ്യുന്നത് ചെറുമുക്ക് വെസ്റ്റിലെ തെങ്ങ് കയറ്റ തൊഴിലാളിയും കർഷകനുമായ മുളമുക്കിൽ രാജന്റെ പതിവായിരുന്നു. നീണ്ട പതിനഞ്ചു വർഷക്കാലമായി മധുര പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്യാറുണ്ടായിരുന്നു. ഇതിനിടയിലാണ് രാജൻ മരിച്ചത്. തുടർന്ന് രാജന്റെ സ്മരണാർത്ഥം കുടുംബം പതിവ് മുടക്കാതെ മധുരം വിതരണം ചെയ്യുകയായിരുന്നു.