
മലപ്പുറം: ജില്ലയിൽ വീണ്ടും നിപ ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെങ്കിലും പൊതുജനങ്ങളിൽ നിന്നടക്കം ഇത് പാലിക്കപ്പെടാത്തത് കടുത്ത ആശങ്ക ഉയർത്തുന്നു. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനം കൂട്ടം കൂടി നിൽക്കുന്നത് വിലക്കിയതടക്കം കൃത്യമായി പാലിക്കപ്പെടുന്നില്ല. ജില്ലയിൽ പൊതുവായി മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും നാമമാത്രം ആളുകളെ ധരിക്കുന്നുള്ളൂ. രണ്ട് മാസത്തിനിടെ തൊട്ടടുത്ത പ്രദേശങ്ങളിലായി രണ്ടുപേരാണ് നിപ ബാധിച്ച് മരിച്ചത്. സെപ്തംബർ ഒമ്പതിനാണ് തിരുവാലി നടുവത്ത് സ്വദേശിയായ 24കാരൻ മരിച്ചത്. ജൂലായ് 20ന് പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ 14കാരനും മരിച്ചു. രണ്ട് പ്രദേശങ്ങളും തമ്മിൽ 15 കിലോമീറ്ററിന്റെ വ്യത്യാസം മാത്രം. ചെമ്പ്രശ്ശേരിയിൽ 14കാരന്റെ വീടിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ നടത്തിയ പരിശോധനയിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കുകയും നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കുകയും ചെയ്തതാണ് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ രോഗം ഒരാളിൽ തന്നെ നിയന്ത്രിക്കാനായത്.
14കാരന് ചികിത്സയിലിരിക്കെയാണ് നിപ സ്ഥിരീകരിച്ചതെങ്കിൽ നടുവത്തെ യുവാവ് മരണപ്പെട്ട് ആറാം ദിവസമാണ് നിപ പോസിറ്റീവെന്ന റിപ്പോർട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്നത്. യുവാവായതിനാൽ സമ്പർക്ക പട്ടികയും വലുതാണ്. കോൺടാക്ട് ട്രേസിംഗിലൂടെയും വീടുകളിലെത്തി സർവേ നടത്തിയും സമ്പർക്ക പട്ടികയിലുള്ളവരെയും രോഗ ലക്ഷണങ്ങൾ ഉള്ളവരേയും കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ 175 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ചെറിയ രോഗലക്ഷണങ്ങൾ പ്രകടമാക്കിയ പത്തുപേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചെമ്പ്രശ്ശേരിയിലെ നിപ മരണത്തോടെ ഡബിൾ ഇൻക്യുബേഷൻ പീരീഡായ 42 ദിവസം കഴിഞ്ഞതോടെയാണ് മലപ്പുറം ജില്ലയെ നിപ മുക്തമായതായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 472 പേരേയും ഇതോടെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പറയുമ്പോഴും ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പേകുകയാണ് ആരോഗ്യ വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0483 2732010, 2732060.
ലക്ഷണങ്ങളിലേക്ക് രണ്ടാഴ്ച വരെ
ഇക്കാര്യം ശ്രദ്ധിക്കാം
റൂട്ട് മാപ്പിങ്ങനെ
സെപ്തംബർ 4: പനി ലക്ഷണങ്ങൾ തുടങ്ങി. വീട്ടിൽ തന്നെ വിശ്രമം.
സെപ്തംബർ 5: വീട്ടിൽ തന്നെ
സെപ്തംബർ 6: വീട്ടിൽ നിന്ന് സ്വന്തം കാറിൽ ഫാസിൽ ക്ലിനിക്കിലേക്ക്. രാവിലെ 11.30 മുതൽ 12 വരെ ഇവിടെ. വൈകിട്ട് സ്വന്തം കാറിൽ ബാബു പാരമ്പര്യ വൈദ്യശാലയിൽ. വൈകിട്ട് 7.30 മുതൽ 7.45 വരെ. സ്വന്തം കാറിൽ ജെ.എം.സി ക്ലിനിക് -രാത്രി 8.18 മുതൽ 10.30 വരെ.
സെപ്തംബർ 7: വീട്ടിൽ നിന്ന് ഓട്ടോയിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് ( 9.20 മുതൽ 9.30 വരെ). വീട്ടിൽ നിന്ന് സ്വന്തം കാറിൽ വണ്ടൂർ നിംസ് എമർജൻസി വിഭാഗത്തിൽ (രാത്രി 7.45 മുതൽ 8.24 വരെ).
നിംസ് ഐ.സി.യു (രാത്രി 8.25 മുതൽ സെപ്തംബർ എട്ടിന് ഉച്ചയ്ക്ക് ഒരുമണി വരെ).
സെപ്തംബർ 8: ആംബുലൻസിൽ പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിൽ (ഉച്ചയ്ക്ക് 1.25ന്)
എമർജൻസി വിഭാഗത്തിൽ 2.06 മുതൽ 3.55 വരെ.
എം.ആർ.ഐ മുറി ( വൈകിട്ട് 3.59 - 5.25 വരെ)
എമജൻസി വിഭാഗം- വൈകിട്ട് 5.35 - 6 വരെ
എം.ഐ.സി.യു യൂണിറ്റ് 1 - വൈകിട്ട് 6.10 മുതൽ പുലർച്ചെ 12.50 വരെ.
സെപ്തംബർ 9: എം.ഐ.സി.യു യൂണിറ്റ് 2 - പുലർച്ചെ ഒന്ന് മുതൽ രാവിലെ 8.46 വരെ.