മലപ്പുറം: ജില്ലയിൽ ആദ്യഘട്ടത്തിൽ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 92,424 റേഷൻ കാർഡുകളിലായി 2,067,466 ഗുണഭോക്താക്കൾ. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും. 50,442 അന്ത്യോദയ അന്നയോജന (എ.എ.വൈ - മഞ്ഞ) കാർഡുകളിലായി 2,07,670 ഗുണഭോക്താക്കളുണ്ട്. 4,19,82 പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച് - പിങ്ക്) കാർഡുകളിലായി 18,59,796 പേരുമുണ്ട്. മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിഹിതം വെട്ടിക്കുറക്കുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ ആണ് ജില്ലയിൽ മസ്റ്ററിംഗ് നടക്കുക. മസ്റ്ററിംഗിന്റെ ആദ്യഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മൂന്നാംഘട്ടത്തിലാണ് മലപ്പുറം ഉൾപ്പെട്ടിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളിൽ ഇത്രയധികം ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതുണ്ട് എന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാനാണ് ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരുടെ നീക്കം.
തിരക്ക് ഒഴിവാക്കാൻ വാർഡ് തലത്തിൽ പ്രത്യേകം ക്യാമ്പുകൾ നടത്താനും ആലോചനയുണ്ട്. സ്‌കൂൾ, അംഗൻവാടി തുടങ്ങിയ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ മസ്റ്ററിംഗ് കേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യം തദ്ദേശ ഭരണ സമിതികൾ ഉന്നയിച്ചിട്ടുണ്ട്. റേഷൻ കടകളിൽ വെച്ച് തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കാനാവുമെന്നാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ വിലയിരുത്തൽ. അതേ സമയം മസ്റ്ററിംഗ് റേഷൻ കടകളിൽ മാത്രം ഒതുക്കിയാൽ റേഷൻ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക റേഷൻ വ്യാപാരികൾക്കുണ്ട്.
കാത്തിരിക്കേണ്ടി വരുമോ
മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഇ- പോസ് മെഷീൻ മുഖാന്തിരം അവരുടെ ആധാർ അപ്‌ഡേഷൻ നടത്തണം. അംഗങ്ങൾ ആധാറുമായി നേരിട്ടെത്തി ഇ- പോസ് മെഷീനിൽ വിരലുകൾ പതിപ്പിക്കണം. കഴിഞ്ഞ മാർച്ചിലാണ് റേഷൻ കാർഡ് മസ്റ്ററിംഗ് ജില്ലയിൽ നിറുത്തിവച്ചത്. ആളുകൾ കൂട്ടത്തോടെ മസ്റ്ററിംഗിന് എത്തിയതോടെ സെർവർ പലതവണ തകരാറിലായി. കുടുംബമായി എത്തിയവർ മണിക്കൂറുകളോളം മസ്റ്ററിംഗ് കേന്ദ്രങ്ങൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്നു. എന്നിട്ടും പലർക്കും മസ്റ്ററിംഗ് പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടിവന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായതോടെ തകരാറുകൾ പരിഹരിക്കാൻ നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിനും (എൻ.ഐ.സി) ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി മസ്റ്ററിംഗ് നീട്ടുവെച്ചു. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഭക്ഷ്യധാന്യത്തിലും സർക്കാർ സബ്സിഡിയിലും കുറവ് വരുത്തുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പോടെ ഇത്തവണ കടമ്പകൾ കടന്ന് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.