ചങ്ങരംകുളം: കളരിപ്പയറ്റ് അസോസിയേഷന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നും മുഴുവൻ കളരി ഗുരുക്കൻമാർക്കും സ്‌പോർട്സ് കൗൺസിൽ അംഗത്വം നൽകണമെന്നും കേരള പയറ്റ് കളരി മർമ്മ ചികിത്സ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്‌പോർട്സ് കൗൺസിൽ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് മാറ്റി നിറുത്തപ്പെട്ട കളരിപ്പയറ്റ് സംഘടനകളുടെ നേതൃത്വത്തിൽ ഈ മാസം 20ന് തിരുവനന്തപുരത്ത് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതി പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനവും പ്രതിഷേധറാലിയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ 36 വർഷമായി കേരള കളരിപ്പയറ്റ് അസോസിയേഷൻ ഭരിക്കുന്നത് ഒരേ കുടുംബമാണെന്നും സ്‌പോട്സ് കൗൺസിൽ ഇവർക്ക് കുടചൂടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. കേരള പയറ്റ് കളരി മർമ്മ ചികിത്സ അസോസിയേഷൻ ഭാരവാഹികളായ കെ.വി.എ. ഖാദർ ഗുരുക്കൾ, ഹംസ ഗുരുക്കൾ, കെപി രഞ്ജീഷ് ഗുരുക്കൾ, എൻ.ടി. ശ്രീലേഷ് ഗുരുക്കൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.