മലപ്പുറം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ മാർഗദീപം ഇന്നും കെടാതെ സൂക്ഷിച്ച് മുന്നോട്ട് പോവുകയാണ് കേരളകൗമുദിയെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കേരളകൗമുദി പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം മലപ്പുറത്ത്ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശപ്പോരാട്ടങ്ങളുടെ ഭാഗമായി ആരംഭിച്ച കേരളകൗമുദിയിലൂടെ ആണ് കീഴാള വിഭാഗത്തിന്റെ ശബ്ദം ആദ്യമായി മുഴങ്ങിക്കേട്ടത്. ശ്രീനാരായണ ഗുരുവിന്റെ വെളിച്ചത്തിലൂടെയാണ് കെ.സുകുമാരൻ സഞ്ചരിച്ചത്. ഒരേസമയം ഗാന്ധിയൻ ആദർശങ്ങളിലും ശ്രീനാരായണ ദർശനങ്ങളിലും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. ശ്രീനാരായണ ദർശനങ്ങളിലൂടെയുള്ള സംസ്‌ക്കരണമാണ് അദ്ദേഹം നടത്തിയത്. രാജ്യത്തെ ഏറ്റവും ഉന്നതിയിൽ നിൽക്കേണ്ടത് പൗരനാണ്. പൗരന് മീതെ മറ്റൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിലുള്ള കൃത്യമായ പൗരബോധം ഉണ്ടായിരുന്നതിനാലാണ് കെ.സുകുമാരൻ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി പത്രപ്രവർത്തനത്തെ കണ്ടതും നീതി നിഷേധത്തിനെതിരെ ശബ്ദമുയർത്തിയതും. കോർപ്പറേറ്റ് ആശയങ്ങളും താല്പര്യങ്ങളും കേരളകൗമുദിയിലേക്ക് കടന്നുവരാത്തത് അഭിനന്ദനാർഹമാണ്. പ്രതിപക്ഷ ശബ്ദങ്ങളെ കൂടി വില മതിക്കണമെന്നാണ് ഭരണകൂടങ്ങളോട് പറയാനുള്ളതെന്നും പി.സുരേന്ദ്രൻ പറഞ്ഞു.
മാദ്ധ്യമ മേഖലയിൽ പുതിയ ദിശാബോധം നൽകിയ പത്രാധിപർ കെ.സുകുമാരൻ തെളിയിച്ച വഴിയിലൂടെയാണ് ഇന്നും കേരളകൗമുദി സഞ്ചരിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ എസ്.എൻ.ഡി.പി മലപ്പുറം യൂണിയൻ സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി പറഞ്ഞു. മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ പുരസ്‌കാരവും ക്യാഷ് അവാർഡും കോട്ടയ്ക്കൽ ലേഖകൻ രവി മഠത്തിലിന് പി.സുരേന്ദ്രൻ സമ്മാനിച്ചു. യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനായി. മലപ്പുറം ബ്യൂറോ ചീഫ് ഷാബിൽ ബഷീർ സ്വാഗതവും സർക്കുലേഷൻ മാനേജർ സി.അജിത് കുമാർ നന്ദിയും പറഞ്ഞു.