
മലപ്പുറം: ദുബായിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ ചാത്തല്ലൂർ സ്വദേശിയായ 38കാരന് എംപോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണിത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസലോഷൻ വാർഡിൽ ചികിത്സയിലാണ് യുവാവ്. നിലവിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല.
ആഫ്രിക്കയിലടക്കം ഈ സീസണിൽ എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിൽ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. 2022ലും കേരളത്തിൽ എംപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ദുബായിൽ കാർപെന്ററായി ജോലി ചെയ്യുന്ന യുവാവ് നാട്ടിലേക്ക് തിരിക്കുംമുമ്പ് പനിക്ക് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 13ന് വീട്ടിലെത്തിയതോടെ സമ്പർക്കം ഒഴിവാക്കാനായി പ്രത്യേക മുറിയിൽ കഴിഞ്ഞു. പനിയും തലവേദനയും ശരീരവേദനയും കൂടിയതോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് തിങ്കളാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്.
രാജ്യത്ത് ഈ സീസണിലെ രണ്ടാമത്തെ എംപോക്സ് കേസാണിത്. സെപ്തംബർ 9ന് ആഫ്രിക്കയിൽ നിന്ന് ഡൽഹിയിലെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചിരുന്നു.